ബെംഗളൂരു: മൈസൂരു നഗരപ്രാന്തത്തിലുള്ള ബിഇഎംഎൽ കാമ്പസിനുള്ളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ 4 മണിയോടെ എഞ്ചിൻ സെക്ഷൻ റോഡിൽ വാഹനത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെ ബിഇഎംഎൽ സുരക്ഷാ ഉദ്യോഗസ്ഥരാണ് കടുവയെ കണ്ടത്. ആദ്യം പുള്ളിപ്പുലിയാണെന്ന് കരുതിയ ഉദ്യോഗസ്ഥർ വാഹനത്തിന്റെ വേഗത കുറയ്ക്കുന്നതിനിടെ, കടുവ വാഹനത്തിനു സമീപത്തേക്ക് വരികയും തുടർന്നു കുറ്റിക്കാട്ടിൽ മറയുകയുമായിരുന്നു.
സുരക്ഷാ ജീവനക്കാർ കടുവയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി കമ്പനി സ്ഥാപന മേധാവികളെ അറിയിക്കുകയും തുടർന്ന് അവർ വനം വകുപ്പ് അധികൃതർക്ക് വിവരം കൈമാറുകയുമായിരുന്നു.വനംവകുപ്പ് ഉദ്യോഗസ്ഥർ ബിഇഎംഎൽ കാമ്പസിൽ എത്തി സിസിടിവി പരിശോധിച്ച് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്നു പ്രദേശത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. 500 ഏക്കർ വിസ്തൃതിയുള്ളതാണ് ബിഇഎംഎൽ കാമ്പസ്. പ്രദേശത്ത് തിരച്ചൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് കോമ്പിംഗ് പ്രവർത്തനങ്ങൾ ആരംഭിച്ചു.കഴിഞ്ഞ വർഷം ഡിസംബർ 31ന് മൈസൂരു ഇൻഫോസിസ് ക്യാംപസിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വനംവകുപ്പിൻ്റെ പ്രത്യേക ദൗത്യ സേന ഡ്രോൺ അടക്കം ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല.