മലയാളത്തിലെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’ മെയ് 30 മുതല്‍ ജിയോഹോട്‍സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു.കെ ആർ സുനില്‍ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുണ്‍ മൂർത്തി ആണ്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാല്‍ നായകനായ തുടരും 232.25 കോടി ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രവുമാണ് തുടരും
.മോഹൻലാല്‍, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസില്‍, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷണ്‍മുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തില്‍ അദ്ദേഹം കുരുങ്ങുന്നു.
ആ കുരുക്കില്‍ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപ്പെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതല്‍ അവസാനം വരെ മുള്‍മുനയില്‍ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.ഷാജി കുമാർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ എഡിറ്റിങ് നിഷാദ് യൂസഫും ഷഫീഖ് വി ബിയുമാണ്. ഈ ത്രില്ലർ ഡ്രാമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത്.