തീവ്ര ഹിന്ദുത്വ പ്രവർത്തകനും ഗുണ്ടാ തലവനുമായ സുഹാസ് ഷെട്ടി വധക്കേസില്‍ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് മൂന്നു പേരെ കൂടി അറസ്റ്റു ചെയ്തു.അസറുദ്ദീൻ എന്ന അസർ എന്ന അജ്ജു (29), അബ്ദുല്‍ ഖാദർ എന്ന നൗഫല്‍ (24), ചോട്ടെ നൗഷാദ് എന്ന വാമഞ്ചൂർ നൗഷാദ് (39) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.പണമ്ബൂർ, സൂറത്ത്കല്‍, മുല്‍ക്കി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റർ ചെയ്ത മൂന്നു മോഷണ കേസുകളില്‍ അസറുദ്ദീനെതിരെ നേരത്തേ കേസെടുത്തിട്ടുണ്ട്.
ഷെട്ടിയുടെ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റു പ്രതികള്‍ക്ക് നല്‍കുകയും കൊലപാതകത്തിന് സഹായിക്കുകയും ചെയ്തു എന്നാണ് ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റം. കൊലപാതകത്തിന് ശേഷം പ്രതികള്‍ കാറില്‍ രക്ഷപ്പെടാൻ ഖാദർ സഹായിച്ചതായി പൊലീസ് പറഞ്ഞു.മറ്റുള്ളവരുമായി ഗൂഢാലോചന നടത്തിയതിനും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതിനുമാണ് നൗഷാദിനെതിരെ കേസെടുത്തത്. കൊലപാതകം, കൊലപാതകശ്രമം, കവർച്ച, ഗൂഢാലോചന എന്നിവയുള്‍പ്പെടെ ആറ് ക്രിമിനല്‍ കേസുകള്‍ ദക്ഷിണ കന്നടയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അസറുദ്ദീനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഖാദറിനെയും നൗഷാദിനെയും കൂടുതല്‍ അന്വേഷണത്തിനായി ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഈ മാസം ഒന്നിന് മംഗളൂരു നഗരത്തിലെ ബാജ്‌പെ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സുഹാസ് കൊല്ലപ്പെട്ടത്.