മൈസൂരു നസർബാദിലെ ഹൈദർ അലി റോഡില്‍ 50 വർഷത്തോളം പഴക്കമുള്ള 40 മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ ഡെപ്യൂട്ടി കമീഷണർ ജി.ലക്ഷ്മികാന്ത് റെഡ്ഡി അന്വേഷണത്തിന് മൂന്നംഗ സമിതി രൂപവത്കരിച്ചു. മരംമുറിക്കെതിരെ വ്യാപകമായ രീതിയില്‍ ജനരോഷമുയരുകയും വനംമന്ത്രി റിപ്പോർട്ട് തേടുകയും ചെയ്തതിന് പിന്നാലെയാണ് ജില്ല ഭരണകൂടത്തിന്റെ നടപടി.മൈസൂരു നഗര വികസന അതോറിറ്റി (മുഡ) കമീഷണർ അധ്യക്ഷനായ പാനലില്‍ ഹുൻസൂർ വനം ഡെപ്യൂട്ടി കണ്‍സർവേറ്റർ അംഗവും ജില്ല നഗര വികസന ആസൂത്രണ വകുപ്പിന്റെ എക്സിക്യൂട്ടിവ് എൻജിനീയർ സെക്രട്ടറിയുമാണ്.
റോഡ് വീതി കൂട്ടാനുള്ള പദ്ധതി നിലവില്‍ അനിവാര്യമാണോ എന്നത് വിലയിരുത്താനും മരംമുറി സംബന്ധിച്ച് സമഗ്രമായി അന്വേഷിക്കാനും കമ്മിറ്റിയോട് നിർദേശിച്ചിട്ടുണ്ട്.മരംമുറിക്ക് ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചിട്ടുണ്ടോ എന്നും ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സംഭവത്തില്‍ വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ കഴിഞ്ഞദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ധിറുതി പിടിച്ച് പ്രസ്തുത റോഡ് വികസിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് മാധ്യമ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നതെന്നും എന്നിട്ടും മരങ്ങള്‍ മുറിച്ചുമാറ്റിയതിന്റെ കാരണം ബോധിപ്പിക്കണമെന്നും പ്രിൻസിപ്പല്‍ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ്, ഫോറസ്റ്റ് ഫോഴ്‌സ് മേധാവി എന്നിവർക്ക് മന്ത്രി ഈശ്വർ ഖണ്ഡ്രെ അയച്ച കത്തില്‍ പറഞ്ഞു.ഏഴ് ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് വനംമന്ത്രിയുടെ നിർദേശം.
മരംമുറിക്കെതിരെ മൈസൂരുവിലെ വിവിധ സംഘടനകളുടെയും വിദ്യാർഥികളുടെയും കർഷകരുടെയും നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. മുറിച്ചുമാറ്റിയ 40 മരങ്ങള്‍ക്ക് പകരമായി 400 വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുമെന്ന് മൈസൂരു സിറ്റി കോർപറേഷന്‍ പ്രതികരിച്ചിരുന്നു. 30 അടി വീതിയുള്ള റോഡ് 90 അടിയാക്കി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി നെക്സസ് മാളിനും വെങ്കട ലിംഗയ്യ സര്‍ക്കിളിനും ഇടയിലുള്ള മുഹമ്മദ് സെയ്ദ് ബ്ലോക്കിലെ മരങ്ങളാണ് മുറിച്ചുമാറ്റിയത്.
ഐപിഎല്‍ മത്സരത്തിനിടെ ഉറക്കെയുള്ള ഫോണ്‍ വിളി, 30കാരനെ കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ടു കൊന്ന് 25കാരൻ
ഫോണില്‍ ഉറക്കെ സംസാരിച്ചതിനേ ചൊല്ലിയുള്ള തർക്കത്തിനിടെ 30 വയസുള്ള സഹപ്രവർത്തകനെ കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ട് കൊന്ന് 25കാരൻ.മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം. തിങ്കളാഴ്ചയാണ് ജിതേന്ദ്ര ചൌഹാൻ എന്ന 30കാരൻ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 25 വയസുള്ള സഹപ്രവർത്തകൻ അറസ്റ്റിലായത്. കെട്ടിട നിർമ്മാണ തൊഴിലാളികളായിരുന്നു ഇവർ രണ്ട് പേരും.
കാന്തിവാലിയിലെ സായ് നഗറിലെ ഭാട്ടിയ സ്കൂളിന് സമീപത്തെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലെ ജോലിക്കാരായിരുന്നു ഇവർ. ഈ കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലായിരുന്നു തൊഴിലാളികള്‍ താമസിച്ചിരുന്നത്.ഞായറാഴ്ച രാത്രി ജിതേന്ദ്ര ചൌഹാൻ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ 25കാരനെത്തി ശബ്ദം കുറച്ച് സംസാരിക്കാൻ ആവശ്യപ്പെട്ടിരുന്നു. മൊബൈല്‍ ഫോണില്‍ ഐപിഎല്‍ മത്സരങ്ങള്‍ കാണുകയായിരുന്നു 25കാരൻ.
സംസാരത്തിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ഇരുവരും തമ്മില്‍ തർക്കമുണ്ടായി. തർക്കം കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെ 25കാരൻ ജിതേന്ദ്ര ചൌഹാനെ രണ്ടാം നിലയില്‍ നിന്ന് തള്ളിയിടുകയായിരുന്നു. ബേസ്മെന്റിലെ പാർക്കിംഗ് ഭാഗത്ത് വീണ ജിതേന്ദ്ര ചൌഹാന് തലയില്‍ അടക്കം ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.
കെട്ടിടത്തിലുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ ഇയാളെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച ചികിത്സയിലിരിക്കെ ജിതേന്ദ്ര ചൌഹാൻ മരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കാന്തിവാലി പൊലീസ് സംഭവത്തില്‍ കേസ് എടുത്തത്. 25കാരനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.