ബെംഗളൂരു:വിലകൂടിയ ഹൈബ്രിഡ് കഞ്ചാവ് അടക്കം 50 കോടിയോളം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി മൂന്നുപേർ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. 45.4 കിലോ ഹൈബ്രിഡ് കഞ്ചാവും ആറ് കിലോ മാജിക് മഷ്റൂമുമാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. ശ്രീലങ്കൻ സ്വദേശിയായ ശിവകുമാർ, കർണാടക സ്വദേശികളായ യൂസഫ് ബിഹാരി, ഷാഹുൽ ഹമീദ് എന്നിവരാണ് പിടിയിലായത്.തായ്ലാൻഡിൽനിന്ന് ബെംഗളൂരുവിലേക്ക് ലഹരിക്കടത്ത് നടത്തുന്നെന്ന രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആദ്യം യൂസഫും ഷാഹുലും പിടിയിലാകുകയായിരുന്നു. കൊളംബോയിൽ നിന്നുള്ള വിമാനത്തിൽ ബെംഗളൂരുവിൽ എത്തിയ ഇവരിൽ നിന്ന് 31.4 കിലോ ഹൈബ്രിഡ് കഞ്ചാവും നാല് കിലോ മാജിക് മഷ്റൂമും പിടിച്ചെടുത്തു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് മറ്റൊരു വിമാനത്തിൽ ശിവകുമാറും ലഹരിമരുന്നുമായി വരുന്നത് അറിഞ്ഞത്. പിന്നീട് ഇയാളിൽനിന്ന് 14 കിലോ കഞ്ചാവും രണ്ട് കിലോ മഷ്റൂമും പിടിച്ചെടുത്തു. ഭക്ഷ്യ ടിന്നുകളിലായിരുന്നു ഇവർ ലഹരിവസ്തുകൾ ഒളിപ്പിച്ചിരുന്നത്.