ബെംഗളൂരു: മൈസൂരില്‍ ചാമരാജ് നഗറില്‍ കടം നല്‍കിയ പണം തിരിച്ചുചോദിച്ച എഴുപത്തിരണ്ടുകാരനെ മൂന്ന് പേർ ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.സംഭവത്തില്‍ മൂന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാരെ പൊലിസ് പിടികൂടി. കൊലപാതകത്തിന് ശേഷം പ്രതികള്‍ മോഷ്ടിച്ച സ്വർണവും പൊലിസ് കണ്ടെടുത്തു.കഴിഞ്ഞ ദിവസമാണ് ഗുണ്ടല്‍പേട്ടിനടുത്ത് കാമരള്ളിയില്‍ സ്വാമി എന്നയാളെ കൊല്ലപ്പെട്ട നിലയില്‍ വഴിയോരത്ത് കണ്ടെത്തിയത്.
തുടർന്ന് സമീപത്തെ ചിലരെ ചോദ്യം ചെയ്തപ്പോള്‍, പ്രദേശത്തെ മൂന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർ ചേർന്നാണ് ഈ കൊലപാതകം നടത്തിയതെന്ന് പൊലിസ് കണ്ടെത്തി.പരശിവമൂർത്തി, സിദ്ധരാജു, മഹേഷ് എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. ഇതില്‍ പരശിവമൂർത്തി കൊല്ലപ്പെട്ട സ്വാമിയില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. ഈ കടം തിരിച്ചടയ്ക്കാൻ സ്വാമി ശക്തമായി സമ്മർദ്ദം ചെലുത്തിയതാണ് കൊലപാതകത്തിന് കാരണം.പണം നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ സ്വാമിയെ ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തി. തുടർന്ന് ആളൊഴിഞ്ഞ ഒരിടത്തേക്ക് കൊണ്ടുപോയി കഴുത്തില്‍ തുണി മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശേഷം, സ്വാമിയുടെ കൈവശമുണ്ടായിരുന്ന ഏകദേശം 105 ഗ്രാമോളം സ്വർണം പ്രതികള്‍ തട്ടിയെടുത്തു പങ്കുവെച്ചു. ഈ സ്വർണം പൊലിസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.