ബെംഗളൂരു: കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ നൃത്താധ്യാപകൻ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിലായി. ബെംഗളൂരു കൊഡിഗെഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സ്വകാര്യ സ്കൂളിലെ നൃത്താധ്യാപകനായ ആൻഡി ജോർജ്, സന്തോഷ്, ശശി എന്നിവരാണ് അറസ്റ്റിലായത്. സാമൂഹികമാധ്യമത്തിലൂടെയാണ് ആൻഡി ജോർജ് വിദ്യാർഥിനിയുമായി പരിചയപ്പെട്ടത്. തുടർന്ന് കൂടുതൽ അടുപ്പം സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ചു. പിന്നീട് സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ആൻഡി ജോർജും മറ്റു രണ്ടുപേരും പലതവണ പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഇതിനിടെ ആൻഡി ജോർജ് വിദ്യാർഥിനിയുടെ സ്വകാര്യ ചിത്രം സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. തുടർന്ന് വിദ്യാർഥിനി പോലീസിൽ പരാതി നൽകുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് പോലീസ് മൂന്നുപേരെയും അറസ്റ്റുചെയ്തത്. ഇവരുടെ പക്കൽനിന്ന് മൊബൈൽ ഫോണുകളും പെൻഡ്രൈവുകളും ഒട്ടേറെ ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.