ബംഗളൂരു: കോലാർ മാലൂരിലെ ആനന്ദമാർഗ ആശ്രമത്തിലെ സ്വാമി ചിന്മയാനന്ദയെ (70) കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു സന്യാസിമാരടക്കം മൂന്നുപേർ അറസ്റ്റില്‍.
ധർമപ്രണവാനന്ദ സ്വാമി, പ്രാണേശ്വരാനന്ദ സ്വാമി, അരുണ്‍ കുമാർ (55) എന്നിവരാണ് പിടിയിലായത്. ആശ്രമത്തിനുകീഴില്‍ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമസ്ഥത സംബന്ധിച്ച തർക്കത്തെ തുടർന്നാണ് കൊലപാതകം.
ആശ്രമത്തിനുകീഴിലെ ഭൂമിയുടെയും ആനന്ദമാർഗ ഗ്രൂപ്പിന് കീഴില്‍ പ്രവർത്തിക്കുന്ന ഡിപ്ലോമ കോളജിന്റെയും ഉടമസ്ഥാവകാശം സംബന്ധിച്ച് ആശ്രമത്തില്‍ 2010 മുതല്‍ തർക്കം നിലനില്‍ക്കുന്നുണ്ടായിരുന്നെന്നും ഇതിന്റെ പേരില്‍ സന്യാസികള്‍ക്കിടയില്‍ രണ്ടു ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നെന്നും കോലാർ എസ്.പി എം. നാരായണ്‍ പറഞ്ഞു.
കഴിഞ്ഞദിവസം സ്വാമി ചിന്മയാനന്ദ പൂജക്കൊരുങ്ങവെ, ആചാര്യ ധർമ പ്രണവാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ ഒരു സംഘം വടികളും ആയുധങ്ങളും മുളകുപൊടിയുമായി മുറിയില്‍ പ്രവേശിക്കുകയും സ്വാമിയെ ആക്രമിക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ സ്വാമിയെ കോലാറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിച്ചു.