മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം പൊലീസിനെ വലച്ചത് മണിക്കൂറുകള്‍. ഇമെയില്‍ വഴിയാണ് സന്ദേശം ആദ്യം ലഭിച്ചത് തൃശൂര്‍ ജില്ലാ കോടതിയിലേക്കാണ് സന്ദേശം ലഭിച്ചക്.
ഉടന്‍ തന്നെ കോടതി അധികൃതര്‍ ഇത് തൃശൂര്‍ കളക്ടര്‍ക്ക് കൈമാറി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തൃശൂര്‍ കളക്ടര്‍ ഈ വിവരം ഇടുക്കി കളക്ടര്‍ക്ക് നല്‍കുകയായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഇടുക്കിയിലെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പൊലീസും സംയുക്തമായാണ് അണക്കെട്ടില്‍ പരിശോധന നടത്തിയത്.
തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഷട്ടര്‍, മെയിന്‍ ഡാം, ബേബി ഡാം ഷട്ടര്‍ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തി. അതീവ ജാഗ്രതയോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓരോ സ്ഥലവും പരിശോധിച്ചത്.
തുടര്‍ന്ന് ബോംബ് സ്ക്വാഡിനെയും പൊലീസ് നായയെയുമെത്തിച്ച് വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വ്യാജ സന്ദേശമാണെന്നാണ് നിഗമനം. ഇ മെയില്‍ അയച്ചതാരെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.