ബെംഗളൂരുവിലെ ഒരു മാളില്‍ ഗര്‍ഭിണികള്‍ക്കു വേണ്ടി ഒരുക്കിയ പ്രത്യേക സൗകര്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.ഗര്‍ഭിണികള്‍ക്കു വേണ്ടി പ്രത്യേക പാര്‍ക്കിങ് സൗകര്യമാണ് നെക്‌സസ് മാളില്‍ ഒരുക്കിയിരിക്കുന്നത്. സാധാരണയായി തിരക്കേറിയ മാളുകളില്‍ പാര്‍ക്കിങ് കണ്ടെത്തുന്നത് വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന കാര്യമാണ്. ഇത് ഗര്‍ഭിണികളില്‍ മാനസിക സംഘര്‍ഷം സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയത്.ഗര്‍ഭിണികളുടെ ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഇത്തരമൊരു സൗകര്യം ഏര്‍പ്പെടുത്തിയത് ഏറെ പ്രശംസനീയമാണെന്ന് സന്ദര്‍ശകര്‍ അഭിപ്രായപ്പെടുന്നു. മാളിലെത്തിയ ഒരു വ്യക്തി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇത്തരമൊരു ആശയം പുറംലോകമറിഞ്ഞത്.ഗര്‍ഭിണികള്‍ക്കു വേണ്ടിയുള്ള പാര്‍ക്കിങ് ഏരിയ കാഴ്ചയിലും ഏറെ ആകര്‍ഷകമാണ്. ‘അമ്മമാരാകാന്‍ പോകുന്നവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു’ എന്ന് രേഖപ്പെടുത്തിയ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇളം പിങ്ക് നിറത്തിലുള്ള തീമിലാണ് ഈ ഭാഗം മനോഹരമായി അലങ്കരിച്ചിരിക്കുന്നത്. മാളിന്റെ ബേസ്മെന്റിലെ സാധാരണ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഈ പ്രത്യേക വിഭാഗം ഒരുക്കിയിരിക്കുന്നത്. സീലിംഗിലും തൂണുകളിലുമെല്ലാം പ്രത്യേക നിറം നല്‍കിയിട്ടുണ്ട്.അതിനാല്‍ ബേസ്മെന്റില്‍ വാഹനങ്ങള്‍ നിറഞ്ഞാലും തിരക്കിനിടയിലൂടെ ഈ സ്ഥലം ദൂരെ നിന്ന് ഗര്‍ഭിണികള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും.
വലിയ ഷോപ്പിങ് കോംപ്ലക്‌സുകളില്‍ സാധാരണയായി അനുഭവപ്പെടാറുള്ള ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ ഈ വേറിട്ട നിറം ഗര്‍ഭിണികളെ സഹായിക്കുന്നു. ഗര്‍ഭിണികള്‍ക്ക് വാഹനത്തില്‍ നിന്ന് സുഗമമായി ഇറങ്ങുന്നതിനായി സാധാരണയേക്കാള്‍ കൂടുതല്‍ വീതിയുള്ള പാര്‍ക്കിംഗ് സ്ലോട്ടുകളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. മാളിനോടു ചേര്‍ന്നാണ് പാര്‍ക്കിങ് സ്ഥലം. അതിനാല്‍ ഗര്‍ഭിണികള്‍ക്ക് അധികം ദൂരം നടക്കേണ്ടിയും വരുന്നില്ല.പൊതുവിടങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ഇത്തരം ചെറിയ പരിഗണനകള്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് വീഡിയോ പങ്കുവെച്ച വ്യക്തി കുറിച്ചു. ഇത്തരത്തിലുള്ള മാതൃകകള്‍ ഇന്ത്യയിലുടനീളമുള്ള മാളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും നടപ്പാക്കണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. ഇതു കണ്ട് ഗര്‍ഭിണികളായ സ്ത്രീകളുടെ സുരക്ഷയ്ക്കും സൗകര്യത്തിനും മുന്‍ഗണന നല്‍കുന്ന ഇത്തരം സംരംഭങ്ങള്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കുമെന്ന പ്രതീക്ഷയും പലരും പങ്കുവയ്ക്കുന്നുണ്ട്.