ബെംഗളൂരു: ബെംഗളൂരുവില്‍ വനിതാ ഡോക്ടർക്കുനേരേ ലൈംഗികാതിക്രമം. നഗരത്തിലെ വനിതാ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്കയുണർത്തുന്നതാണ് ചിക്കബനാവരയില്‍ നടന്ന ഈ സംഭവം.സ്വകാര്യ ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നുപോവുകയായിരുന്നു ഡോക്ടർ.ബൈക്കിലെത്തിയ പ്രതി സമീപത്തെ ബസ് സ്റ്റോപ്പിലേക്കുള്ള വഴി തിരക്കിയാണ് ഡോക്ടറെ സമീപിച്ചത്. ഡോക്ടർ വഴി വിവരിച്ചു കൊടുക്കുന്നതിനിടെ ഇയാള്‍ ബൈക്കില്‍ നിന്നിറങ്ങി പെട്ടെന്ന് കടന്നുപിടിക്കുകയായിരുന്നു.ഡോക്ടർ ഉറക്കെ ബഹളം വെച്ചതോടെ പരിഭ്രാന്തനായ പ്രതി ഉടൻ തന്നെ ബൈക്കില്‍ കയറി വേഗത്തില്‍ ഓടിച്ചുപോയി.ബഹളം കേട്ട് ഓടിക്കൂടിയ സമീപവാസികള്‍ പ്രതിയെ പിന്തുടരാൻ ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെട്ടിരുന്നു.
സംഭവത്തില്‍ ഡോക്ടർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രദേശത്തെ സിസിടിവി (CCTV) ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. നഗരത്തില്‍ രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കിടയില്‍ ഈ സംഭവം വലിയ ഭീതിയുണ്ടാക്കിയിട്ടുണ്ട്.