കൊച്ചി: കാത്തിരിപ്പിനൊടുവിൽ രാജ്യത്ത് ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിക്കുകയാണ്. ഗുവാഹത്തി – ഹൗറ സ്ലീപ്പർ ട്രെയിനിൻ്റെ ടിക്കറ്റ് നിരക്കുകൾ ഉൾപ്പെടെ റെയിൽവേ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ കേരളത്തിൽ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ എന്നെത്തുമെന്നാണ് മലയാളികൾ ഉറ്റുനോക്കുന്നത്. തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ വന്ദേ ഭാരത് സ്ലീപ്പർ ഈ വർഷം തന്നെ സർവീസ് തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ കേരള സർവീസിൻ്റെ സമയക്രമവും ടിക്കറ്റ് നിരക്കും എങ്ങനെയാകുമെന്ന് നോക്കാം.ഈ വർഷം ആകെ 12 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളാണ് രാജ്യത്ത് സർവീസിനെത്തുക. ഇതിൽ രണ്ടെണ്ണം കേരളത്തിന് ലഭിച്ചേക്കും. തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ രാത്രി യാത്രയ്ക്കാർക്കായി ഈ ശ്രേണിയിലെ ആദ്യ ട്രെയിൻ എത്തുമെന്ന് നേരത്തെ തന്നെ സംസ്ഥാനത്തിന് ഉറപ്പ് ലഭിച്ചിരുന്നു. തിരുവനന്തപുരം നോർത്ത് – ബെംഗളൂരു എസ്എംവിടി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കും എന്ന് 2025 മെയ് മാസത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപിയ്ക്ക് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ രേഖാമൂലം ഉറപ്പ് നൽകിയിരുന്നു.
ഇത് പാലിക്കപ്പെട്ടാൽ രാത്രി തിരുവനന്തപുരത്ത് നിന്ന പുറപ്പെട്ട് പിറ്റേന്ന് രാവിലെ ബെംഗളൂരുവിലെത്തുന്ന രീതിയിലാകും സർവീസ് വൈകീട്ട് 7:30ന് തിരുവനന്തപുരം നോർത്തിൽ നിന്നും പുറപ്പെട്ട് കോട്ടയം വഴി ബെംഗളൂരുവിലേക്ക് എത്തുന്ന തരത്തിലുള്ള സമയക്രമം ആണ് റെയിൽവേ ബോർഡിൻ്റെ അംഗീകാരത്തിനായി സമർപ്പിച്ചതെന്ന് അന്ന് എംപി പറഞ്ഞിരുന്നു. ഇതിന് അംഗീകാരം ലഭിക്കാനാണ് നിലവിലെ സാഹചര്യത്തിലും സാധ്യത. എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് എട്ടര മണിക്കൂർ കൊണ്ടാണ് നിലവിൽ സർവീസ് പൂർത്തിയാക്കുന്നത്. ഈ സാഹചര്യത്തിൽ വന്ദേ ഭാരത് സ്ലീപ്പർ 12 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിൽ എത്തിയേക്കും.