Home ചെന്നൈ മൂന്നാമത്തെ ബുള്ളറ്റ് ട്രെയിൻ ചെന്നൈ-ഹൈദരാബാദ് റൂട്ടിൽ, 778 കി.മി രണ്ടര മണിക്കൂറിൽ, വേഗം 320 KM

മൂന്നാമത്തെ ബുള്ളറ്റ് ട്രെയിൻ ചെന്നൈ-ഹൈദരാബാദ് റൂട്ടിൽ, 778 കി.മി രണ്ടര മണിക്കൂറിൽ, വേഗം 320 KM

by admin

ചെന്നൈ: നിര്‍ദിഷ്ട ചെന്നൈ-ഹൈദരാബാദ് അതിവേഗ റെയില്‍പ്പാതയുടെ (ബുള്ളറ്റ് ട്രെയിന്‍) ദിശാരേഖ (അലൈന്‍മെന്റ്) ദക്ഷിണ മധ്യറെയില്‍വേ തമിഴ്നാട് സര്‍ക്കാരിന് സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഒരുമാസത്തിനുള്ളില്‍ പദ്ധതിയുടെ വിശദമായ പദ്ധതിരേഖ (ഡിപിആര്‍) തയ്യാറാക്കുമെന്ന് ചെന്നൈ യൂണിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (സിയുഎംടിഎ) പറയുന്നു.നിര്‍മാണം പുരോഗമിക്കുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പാതയുടെ മാതൃകയില്‍ രാജ്യത്തെ വിവിധ നഗരങ്ങളെ കൂട്ടിയോജിപ്പിച്ച് വിഭാവനംചെയ്യുന്ന അതിവേഗ റെയില്‍ ഇടനാഴികളിലൊന്നാണ് ചെന്നൈ- ഹൈദരാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ പാത ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്കാണ് ഉദ്ദേശിക്കുന്നത്. ഹൈദരാബാദ്, അമരാവതി, ചെന്നൈ, ബെംഗളൂരു നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി യാഥാര്‍ഥ്യമാവുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഓഗസ്റ്റില്‍ പ്രഖ്യാപിച്ചിരുന്നു.

ചെന്നൈയില്‍നിന്ന് ഹൈദരാബാദിലേക്ക് 778 കിലോമീറ്റര്‍ അതിവേഗപാത യാഥാര്‍ഥ്യമായാല്‍ രണ്ടുനഗരങ്ങള്‍ക്കിടയിലെ യാത്രാസമയം ഇപ്പോഴത്തെ 12 മണിക്കൂറില്‍നിന്ന് രണ്ടുമണിക്കൂര്‍ 20 മിനിറ്റായി കുറയും. ഈ പാതയില്‍ തമിഴ്നാട്ടില്‍ രണ്ടു സ്റ്റേഷനുകളാണുണ്ടാവുക. ചെന്നൈ സെന്‍ട്രലും മീഞ്ചൂരിലെ ചെന്നൈ റിങ് റോഡും. നേരത്തേ ഗൂഡൂര്‍ വഴിയാണ് പാത ആലോചിച്ചിരുന്നത്. തമിഴ്നാടിന്റെ അഭ്യര്‍ഥനപ്രകാരം അലൈന്‍മെന്റ് തിരുപ്പതി വഴിയാക്കിയിട്ടുണ്ട്.പാത കടന്നുപോകുന്ന സ്ഥലങ്ങളുടെ കാര്യത്തിലും ഭൂമിയേറ്റെടുക്കുന്ന കാര്യത്തിലും തത്ത്വത്തില്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ദക്ഷിണ മധ്യ റെയില്‍വേ നേരത്തേ തമിഴ്നാട് സര്‍ക്കാരിന് കത്തയച്ചിരുന്നു. പാതയുടെ രൂപരേഖയാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. ഡിപിആര്‍ അംഗീകരിച്ചതിനുശേഷമേ ഭൂമിയേറ്റെടുക്കല്‍ പോലെയുള്ള കാര്യങ്ങളിലേക്കു കടക്കൂ. മൊത്തം 223.44 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടിവരുക. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ സഹകരണത്തോടെയേ പദ്ധതിക്ക് ഭൂമി ലഭ്യമാക്കാന്‍കഴിയൂ.മുംബൈ-അഹമ്മദാബാദ് പാതയില്‍ ഗുജറാത്തിലെ സൂറത്തിനും വാപിക്കും ഇടയിലുള്ള 100 കിലോമീറ്ററില്‍ 2027 ഓഗസ്റ്റില്‍ രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ ഓടുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിട്ടുണ്ട്. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയുടെ ആകെ നീളം 508 കിലോമീറ്ററാണ്. ഇതിലൂടെ തീവണ്ടികള്‍ മണിക്കൂറില്‍ 320 കിലോമീറ്റര്‍വരെ വേഗത്തില്‍ സഞ്ചരിക്കും. 12 സ്റ്റോപ്പുകള്‍ ഉണ്ടാവും. യാത്രയ്ക്ക് രണ്ടുമണിക്കൂര്‍ 17 മിനിറ്റെടുക്കും. 2029 ആകുമ്പോഴേക്കും മുഴുവന്‍ പാതയും പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group