നോയിഡ: നോയിഡയിലെ ചിജാർസി ഗ്രാമത്തില്‍ ഭർത്താവ് 34കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തലമസ്സാജ് ചെയ്ത് കൊടുക്കാൻ വൈകി എന്നാരോപിച്ചാണ് യുവതിയുടെ തലയ്ക്കടിച്ചത്. ദമ്ബതികള്‍ പതിവായിവഴക്കിടാറുണ്ടായിരുന്നു.തിങ്കളാഴ്ച രാത്രിയുണ്ടായ വഴക്കിനെ തുടർന്ന് ഭർത്താവ് യുവതിയെ ഇഷ്ടികകൊണ്ട് ക്രൂരമായി അടിക്കുകയായിരുന്നു.
ഫൈസാബാദ് സ്വദേശി പ്രതിമ ഗിരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ദിവസങ്ങള്‍ മുമ്ബാണ് ഹരേന്ദ്ര ഗിരിയും കുടുംബവും നോയിഡയിലേക്ക് താമസം മാറിയത്. തയ്യല്‍ തൊഴിലാളിയാണ് ഹരേന്ദ്ര ഗിരി. തിങ്കളാഴ്ച രാത്രിയോടെ മദ്യ ലഹരിയില്‍ വീട്ടിലെത്തിയ ഹരേന്ദ്ര ഗിരി ഭാര്യയോട് തല മസ്സാജ് ചെയ്ത് തരാൻ ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം പാകം ചെയ്യുകയായിരുന്ന പ്രതിമ കാത്തിരിക്കാൻ
ആവശ്യപ്പെട്ടു.
ഇതില്‍ പ്രകോപിതനായ ഹരേന്ദ്ര ഗിരി വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇഷ്ടിക കൊണ്ടുവന്ന് പ്രതിമയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ പൊലീസില്‍ വിവരമറിയിച്ചതിനെതുടർന്ന് പൊലീസ് എത്തി പ്രതിമയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. അതേസമയം സംഭവത്തില്‍ പൊലീസ് ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. യുവതിയുടെ കുടുംബം പരാതി നല്‍കിയാല്‍ മാത്രമേ കേസ് എടുക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു.