ബെംഗളൂരു: കഴിഞ്ഞ ദിവസമാണ് ബെംഗളൂരു നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനെ കുറിച്ച് കോർപ്പറേഷൻ കൃത്യമായ നിർദ്ദേശം മുന്നോട്ട് വച്ചത്. കോടിക്കണക്കിന് രൂപ മുടക്കി വരുന്ന മൺസൂണിന് മുൻപ് അറ്റകുറ്റപ്പണികൾ തീർക്കുമെന്നാണ് അധികൃതർ അറിയിച്ചത്. ഇപ്പോഴിതാ അതിന്റെ കൂടുതൽ വിശദാംശങ്ങൾ കൂടി രംഗത്ത് വന്നിരിക്കുകയാണ്. വൈറ്റ് ടോപ്പിംഗ്, ബ്ലാക്ക് ടോപ്പിംഗ് എന്നിങ്ങനെയുള്ള രീതികൾ നഗരത്തിലെ റോഡുകളിൽ അവലംബിക്കും എന്നാണ് വിവരം.നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികളിൽ കാര്യമായ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കി കോർപ്പറേഷൻ ഭരണകൂടം തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. നിലവിൽ റോഡിലെ 22,539 കുഴികൾ നികത്തിക്കഴിഞ്ഞു; അടുത്ത ഒരു മാസത്തിനുള്ളിൽ ബാക്കിയുള്ളവയും പൂർത്തിയാക്കും. ഒക്ടോബർ 31-നകം നഗരത്തിലെ അഞ്ച് കോർപ്പറേഷൻ സോണുകളിലെ അറ്റകുറ്റപ്പണികൾ തീർക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.അത് കണക്കിലെടുത്താണ് ഇത്രയധികം വിപുലമായ രീതിയിൽ അറ്റകുറ്റപണികൾ നടത്തിയതെന്നാണ് ലഭ്യമായ വിവരം. മാത്രമല്ല നാശ നഷ്‌ടങ്ങൾ ആവർത്തിക്കാതിരിക്കാൻ ദീർഘകാല പരിഹാരങ്ങൾ ആസൂത്രണം ചെയ്യുന്നതായി അഡീഷണൽ ചീഫ് സെക്രട്ടറി തുഷാർ ഗിരിനാഥും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ചീഫ് കമ്മീഷണർ എം മഹേശ്വര റാവുവും അടുത്തിടെ വ്യക്തമാക്കിയിരുന്നു. വിശദമായ പദ്ധതി രേഖയും അവർ പങ്കുവച്ചിരുന്നു.
കഴിഞ്ഞ എട്ട് വർഷത്തോളം പല കാരണങ്ങളാൽ 1682 കിലോമീറ്റർ പ്രധാന റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഗിരിനാഥ് ചൂണ്ടിക്കാട്ടി. ഈ പ്രശ്‌നം പരിഹരിക്കാൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെയും (ജിബിഎ) സംസ്ഥാന സർക്കാരിന്റെയും ഫണ്ടുകൾ ഉപയോഗിച്ച് 4800 കോടി രൂപയുടെ വലിയൊരു നവീകരണ പദ്ധതി നടപ്പാക്കി വരുന്നുണ്ട്. അത് പൂർത്തിയായാൽ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നാണ് വിലയിരുത്തൽ.റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുകയും ഗതാഗതക്കുരുക്ക് കുറയ്ക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 2000 കോടിയിലധികം രൂപ ചെലവിൽ ഹെബ്ബാളിൽ നിർമ്മിക്കുന്ന ഒരു അണ്ടർപാസ് ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരമാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ടണൽ നിർമ്മാണം 18 മാസത്തോളം വൈകുന്നതിനാലാണിത്.694 കോടി രൂപ മുടക്കി 392 കിലോമീറ്റർ റോഡുകൾ നവീകരിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്; ഇതിൽ 157.40 കിലോമീറ്റർ പൂർത്തിയായി, ബാക്കി ജനുവരിയോടെ തീരും. 401 കിലോമീറ്റർ റോഡുകൾ നിലവിൽ വാറന്റി കാലയളവിലാണ്. 1600 കോടി രൂപയുടെ ടാറിംഗ് ജോലികളും 157.39 കിലോമീറ്റർ റോഡുകളിൽ 1,700 കോടി രൂപയുടെ വൈറ്റ്‌ടോപ്പിംഗും നടക്കുന്നു.4,500 കോടി രൂപയുടെ ഈ വിപുലമായ പദ്ധതികൾ നഗരത്തിലെ ഗതാഗത, റോഡ് നിലവാര പ്രശ്‌നങ്ങൾ ഗണ്യമായി കുറയ്ക്കുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, കനത്ത വാഹനത്തിരക്ക് കാരണം ട്രാഫിക് പോലീസ് അനുമതി നിഷേധിച്ചതിനാൽ എംജി റോഡിലെ 2.5 കിലോമീറ്റർ ഭാഗത്ത് വൈറ്റ്‌ടോപ്പിംഗ് നടപ്പാക്കാൻ കഴിയില്ലെന്നാണ് വിവരം.അടുത്ത മഴക്കാലത്തിന് മുൻപ് ഏകദേശം 928 കിലോമീറ്റർ റോഡുകൾ ടാർ ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മാത്രമല്ല മെട്രോ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 40 കിലോമീറ്റർ ഡബിൾ ഡെക്കർ ഇടനാഴിക്കായി 900 കോടി രൂപയുടെ സംസ്ഥാന ഗ്രാന്റും ലഭിച്ചിട്ടുണ്ടെന്ന് കോർപ്പറേഷൻ അധികൃതർ കൂട്ടിച്ചേർത്തു. ദീർഘകാലാടിസ്ഥാനത്തിൽ നഗരത്തിലെ റോഡ് ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരം വേണമെന്ന നഗരവാസികളുടെ ആവശ്യത്തിന് ഇപ്പോൾ പരിഹാരമാവുകയാണ്