ഫെബ്രുവരി 22 മുതൽ കേരളത്തിലെ തിയേറ്ററുകളിൽ മലയാളം സിനിമകൾ റിലീസ് ചെയ്യില്ലെന്ന് അറിയിച്ച് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്. തിയേറ്റർ റിലീസിനെത്തുന്ന ചിത്രങ്ങൾ ധാരണ ലംഘിച്ച് നിർമാതാക്കൾ ഒടിടിയ്ക്ക് നൽകുന്നത് ഉൾപ്പടെയുള്ള വിഷയങ്ങളിലെ പ്രതിഷേധമാണ് തീരുമാനത്തിന് പിന്നിൽ.
അതേസമയം, തിയേറ്ററുടമകൾ അനാവശ്യ പ്രശ്നം ഉണ്ടാക്കി നിഴലിനോട് യുദ്ധം ചെയ്യുകയാണെന്നാണ് നിർമാതാക്കൾ നിലപാടെടുത്തു. 42 ദിവസത്തിന് ശേഷമേ ചിത്രങ്ങൾ ഒടിടിയിൽ നൽകുകയുള്ളു എന്ന മുൻധാരണ നിർമാതാക്കൾ ലംഘിച്ചു എന്നാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രധാന ആരോപണം.
തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രങ്ങൾ 28ദിവസമാകുമ്പോഴേക്കും ഒടിടിയിലേക്ക് നൽകുകയാണ്. തിയേറ്ററിൽ മികച്ച കലക്ഷൻ നിലനിൽക്കെയാണ് ഈ പ്രവണത. റിലീസിന്റെ ആദ്യ ആഴ്ചയിൽ നിർമാതാക്കളുടെ തിയേറ്റർ വിഹിതം 60%ൽനിന്ന് 55%ആയി കുറയ്ക്കണം. തുടങ്ങിയവയാണ് ഫിയോകിന്റെ ആവശ്യങ്ങളും ആരോപണങ്ങളും. റിലീസിന്റെ അടുത്ത രണ്ട് ആഴ്ചകളിൽ ഇത് 50ഉം 40ഉം ശതമാനമാക്കി നിജപ്പെടുത്തണമെന്നും ഫിയോക് ആവശ്യപ്പെട്ടു.
അതേസമയം, ഫിയോക്കിന്റെ ആവശ്യങ്ങൾ നിർമാതാക്കൾ തള്ളി. സ്വന്തം നിഴലിനോടാണ് തിയേറ്ററുടമകളുടെ യുദ്ധമെന്നും സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും നിർമാതാക്കൾ പറയുന്നു. മാർച്ച് 1ന് റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ബ്രഹ്മപുരം മാലിന്യപ്ളാന്റുമായി ബന്ധപ്പെട്ട് താൻ സംവിധാനം ചെയ്യുന്ന ചിത്രമടക്കം എന്ത് വിലകൊടുത്തും പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് നിർമാതാക്കളുടെ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം അനിൽ തോമസ് പ്രതികരിച്ചു,