കൊച്ചി: പ്രേക്ഷകരുടെ കാത്തിരിപ്പിന്വിരാമമിട്ട് മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ദൃശ്യം 3ൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഏപ്രിൽ രണ്ടിന് തിയേറ്ററുകളിലെത്തും. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ദൃശ്യം ഫ്രാഞ്ചൈസിയിലെ അവസാന ചിത്രമാണിത്.റിലീസ് തീയതി പ്രഖ്യാപിച്ച് കൊണ്ടുള്ള മോഷൻ പോസ്റ്റർ മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്.ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ ഷൂട്ടിങ് ഡിസംബർ ആദ്യം അവസാനിച്ചിരുന്നു.മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും.ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങൾ വലിയ വിജയമായിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള തിയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും സംയുക്തമായി സ്വന്തമാക്കിയിരുന്നു.
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സ്വാധീനമുള്ളതും ആഘോഷിക്കപ്പെടുന്നതുമായ സിനിമാറ്റിക് ഫ്രാഞ്ചൈസികളിൽ ഒന്നാണ് ‘ദൃശ്യം. സമകാലിക സിനിമകളിൽ ഏറ്റവും ആകർഷകവും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നതുമായ ഫ്രാഞ്ചൈസികളിൽ ഒന്നായി ഇന്നും തുടരുന്നുണ്ട് ‘ദൃശ്യം’.റെക്കോർഡ് ഭേദിച്ച ബോക്‌സ് ഓഫീസ് നാഴികക്കല്ലുകൾ നേടിയതിനോടൊപ്പം അസാധാരണമായ പ്രേക്ഷക പിന്തുണയാണ് സിനിമയ്ക്ക് എല്ലാ ഭാഷകളിലും ലഭിച്ചിട്ടുള്ളത്. നിരവധി പ്രശംസകൾ നേടിയിരുന്നവയുമാണ് ‘ദൃശ്യം’ റീമേക്കുകൾ.2013 ഡിസംബർ 19 ന് പുറത്തിറങ്ങിയ ദൃശ്യം മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.’ദൃശ്യം 3′ ഹിന്ദി റീമേക്കിൻ്റെ റിലീസ് തീയതി നേരത്തേ പുറത്ത് വന്നിരുന്നു. അജയ് ദേവ്‌ഗൺ, ശ്രിയ ശരൺ, തബു എന്നിവർ അഭിനയിക്കുന്ന ചിത്രത്തിൻറെ സംവിധായകൻ അഭിഷേക് പഥക് ആണ്