Home Featured കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഓടി തുടങ്ങി

കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഓടി തുടങ്ങി

by admin

മംഗളൂരു: മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ട കൊങ്കണ്‍ പാതയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു. ഞായറാഴ്ച്ച രാവിലെ 8.50 ന് അജ്മീര്‍ – എറണാകുളം മരുസാഗര്‍ എക്‌സ്പ്രസ് (02978) കൊങ്കണ്‍ വഴി കടത്തിവിട്ടു. ശക്തമായ മഴയെ തുടര്‍ന്ന് റെയില്‍പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണാണ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചത്.

ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ പാതയിലെ മണ്ണ് പൂര്‍ണ്ണമായും അധികൃതര്‍ നീക്കി. പാളത്തിലെ അറ്റകുറ്റ പണിയും വൈദ്യുത ലൈനിന്റെയും, കേബിളിന്റെയും തകരാറും തീര്‍ത്ത് പുലര്‍ച്ചയോടെ ആദ്യം എഞ്ചിനും പിന്നീട് വേഗം കുറച്ച്‌ ചരക്ക് വണ്ടിയും കടത്തി വിട്ടു. അതിന് ശേഷമാണ് രാവിലെ മരുസാഗര്‍ എക്‌സ്പ്രസ് കടത്തിവിട്ടത്.

മംഗളൂരു ജംങ്ഷന്‍ – തോക്കൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ കുലശേഖര തുരങ്കത്തിനടുത്താണ് വെള്ളിയാഴ്ച രാവിലെയോടെ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് തടസമുണ്ടായത് .

ഇതോടെ രണ്ട് ദിവസമായി കൊങ്കണ്‍ പാത വഴിയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.

അതെ സമയം മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് മഴ ശക്തമായതിനാല്‍ അപകട സാധ്യത കണക്കിലെടുത്ത് വേഗത കുറച്ചു മാത്രമെ ഈ റൂട്ടിലൂടെ തീവണ്ടികള്‍ കടത്തി വിടൂ എന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group