ബംഗളൂരു: വസ്തു തർക്കത്തെ തുടർന്ന് മാതാവിനെ കൊലപ്പെടുത്തിയ മകൻ ജീവനൊടുക്കി. ധാർവാഡ് ഉഡുപ്പി നഗരയിലെ ഹൊസ യെല്ലാപൂർ സ്വദേശിനി ശാരദ ഭജന്ദ്രിയാണ് (60) കൊല്ലപ്പെട്ടത്.
മകൻ രാജേന്ദ്ര ഭജന്ദ്രിയെ (40) ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. പണത്തിനുവേണ്ടി അമ്മയെ മകൻ പതിവായി ബുദ്ധിമുട്ടിച്ചിരുന്നതായി സമീപവാസികള്‍ പൊലീസില്‍ മൊഴി നല്‍കി.
പെൻഷൻ തുക കൊണ്ടാണ് ശാരദ കഴിഞ്ഞിരുന്നത്. ഇവരുടെ പേരില്‍ കുറച്ചു തരിശുഭൂമിയുമുണ്ടായിരുന്നു. ഈ ഭൂമി തനിക്ക് എഴുതിത്തരണമെന്നാവശ്യപ്പെട്ട് മകൻ ശാരദയെ മർദിക്കുകയായിരുന്നു. തർക്കത്തിനിടെ ഇരുമ്ബുവടി ഉപയോഗിച്ച് തലക്കടിയേറ്റാണ് ശാരദ കൊല്ലപ്പെടുന്നത്. ധാർവാഡ് പൊലീസ് സംഭവസ്ഥലത്തെത്തി.