തിരുവനന്തപുരം: ആറ്റിങ്ങലില്‍ അശ്ലീലരീതിയില്‍ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പാന്റിന് മുകളില്‍ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചെത്തിയ യുവാവിനെതിരെ നാട്ടുകാര്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. കാരേറ്റ് തളിക്കുഴി സ്വദേശി അര്ജുന്, മുതുവിള സ്വദേശി ഷെമീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാരേറ്റ് തളിക്കുഴി സ്വദേശി അര്‍ജുനാണ് പാന്റിന് മുകളില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം ധരിച്ച് എത്തിയത്. അടിവസ്ത്രം പാന്റിന് മുകളിലിട്ട് ആറ്റിങ്ങല്‍ അങ്ങാടിയില്‍ കറങ്ങി നടന്നായിരുന്നു പ്രാങ്ക് വീഡിയോ ഷൂട്ട് ചെയ്തത്. ബസ് സ്റ്റാന്‍ഡ് പരിസരത്തും ആളുകൂടുന്നയിടത്തുമെല്ലാം നിന്ന് വീഡിയോ ചിത്രീകരണം തുടരുകയായിരുന്നു.
എന്നാല്‍ കുറച്ച് കഴിഞ്ഞതോടെ നാട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. നാട്ടുകാരുടെ പരാതിക്ക് പിന്നാലെ പൊലീസ് എത്തിയപ്പോള്‍, പൊലീസിന് മുന്നിലും യാതോരു കൂസലുമില്ലാതെ അര്ജുന് നടക്കുകയായിരുന്നു. പൊലസ് ചോദ്യം ചെയ്തപ്പോഴാണ് പ്രാങ്ക് വീഡിയോയുടെ ചിത്രീകരണമാണെന്നും തൊട്ടടുത്തുള്ള കാറിലിരുന്ന് സുഹൃത്ത് ഇവ ചിത്രീകരിക്കുന്നുണ്ടെന്നും അര്ജുന് പറഞ്ഞത്. ഇതോടെ സുഹൃത്തിനെയും പൊലീസ് പൊക്കി. പിന്നാലെ അര്‍ജുനെയും മുതുവിള സ്വദേശിയായ സുഹൃത്ത് ഷെമീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പാന്റിന് മുകളില്‍ ധരിച്ച അടിവസ്ത്രം ഊരിച്ച ശേഷമാണ് അര്‍ജുനെയും ഷമീറിനെയും പൊലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചത്. ഇരുവരെയും സ്റ്റേഷന് ജാമ്യത്തിലാണ് വിട്ടയച്ചത്.
ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ ക്ലിക്ക് ചെയ്തു; യുവതിക്ക് നഷ്ടമായത് 8.6 ലക്ഷം രൂപ
പിരിച്ചുവിടലുകൾ കൂടിയതോടെ ജോലി തേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ഇവരെ പിൻതുടരുന്ന തട്ടിപ്പുകാരുടെ എണ്ണവും കുറവല്ല. സമൂഹ മാധ്യമങ്ങളിൽ വ്യാജ ജോലി വാഗ്ദാനം ചെയ്യുന്നവരുടെ നിരവധി പോസ്റ്റുകൾ കാണാം. മാസങ്ങൾക്ക് മുൻപ് ഇത്തരത്തിൽ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലെ ജോലി പരസ്യത്തിൽ ക്ലിക്ക് ചെയ്ത യുവതിയ്ക്ക് 8.6 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ദില്ലി സ്വദേശിയായ യുവതിയാണ് തട്ടിപ്പിനിരയായത്. പോസ്റ്റിൽ ക്ലിക്ക് ചെയ്തതോടെ ‘എയർലൈൻജോബ്ഓൾഇന്ത്യ’ എന്ന ഐഡിയിൽ നിന്ന് ബന്ധപ്പെടുകയും വിവരങ്ങൾ നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. കൂടാതെ അവർ നല്കിയ ഫോർമാറ്റിൽ തന്നെ വിശദാംശങ്ങൾ പൂരിപ്പിക്കുകയും ചെയ്തു.
അവർ പറഞ്ഞതനുസരിച്ച് വിവരങ്ങൾ നല്കിയ ശേഷം രാഹുൽ എന്നയാളിൽ നിന്നും ഫോൺ വന്നു. തട്ടിപ്പു സംഘം രജിസ്ട്രേഷൻ ഫീസെന്ന വ്യാജേന യുവതിയുടെ പക്കൽ നിന്നും ആദ്യം രജിസ്ട്രേഷൻ ഫീസായി 750 രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടു. അതിനു ശേഷം ഗേറ്റ്പാസ് ഫീസ്, ഇൻഷുറൻസ്, സെക്യൂരിറ്റി പണം എന്നിങ്ങനെ 8.6 ലക്ഷത്തിലധികം രൂപയോളം യുവതിയിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു. ദിവസം ചെല്ലുന്തോറും കൂടുതൽ പണം ആവശ്യപ്പെട്ടുള്ള കോളുകൾ വന്നതോടെയാണ് എന്തോ കുഴപ്പമുണ്ടെന്ന് യുവതിക്ക് തോന്നിയത്. തുടർന്നാണ് വിവരങ്ങൾ പൊലീസിനെ അറിയിച്ചത്.
ദില്ലി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഹിസാറിൽ നിന്നാണ് പ്രതി കൂടുതൽ പണവും തട്ടിയെടുത്തിരിക്കുന്നത്. പ്രതിയുടെ ഫോൺ ട്രസ് ചെയ്ത കണ്ടുപിടിച്ച ലൊക്കേഷനിൽ റെയ്ഡ് നടത്തിയാണ് പ്രതികളെ പിടികൂടിയത്. കോവിഡ് പകർച്ചവ്യാധി സമയത്ത് യുവതിയുടെ ജോലി നഷ്ടപ്പെട്ടിരുന്നു. അതിനും രണ്ട് വർഷം മുൻപേ തുടങ്ങിയതാണ് ഈ തട്ടിപ്പെന്നും പ്രതി സമ്മതിച്ചു. തട്ടിപ്പ് വർധിച്ചു വരുന്ന കാലത്ത് സമൂഹ മാധ്യമങ്ങൾ വഴി വരുന്ന വ്യാജ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. അംഗീകൃത ജോബ് വെബ്സൈറ്റുകളിലൂടെ ജോലി തേടുക. അനധികൃതമായി പണം ആവശ്യപ്പെടുന്നുവെന്ന തോന്നിയാൽ സൈബർ പോലീസിന്റെ സഹായം തേടണമെന്നും പൊലീസ് പറഞ്ഞു.