കാഠ്മണ്ഡു: നേപ്പാള്‍ കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട വിമാനം തകർന്നു.പൈലറ്റ് ഒഴികെ വിമാനത്തിലുണ്ടായിരുന്ന 18 പേരും അപകടത്തില്‍ മരിച്ചതായാണ് വിവരം.അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.അപകടത്തില്‍ വിമാനം പൂർണമായി കത്തിനശിച്ചു.ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പൊഖാറ വിമാനത്താവളത്തിലേക്ക് പോയ ശൗര്യ എയർലൈൻസിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. നിലവില്‍ പരിക്കേറ്റ പൈലറ്റ് കാഠ്മണ്ഡു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ടേക്ക് ഓഫിൻ്റെ സമയത്ത് റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം അപകടത്തില്‍പെടുകയായിരുന്നു. ടേബിള്‍ ടോപ് എയർപോർട്ടാണ് ത്രിഭുവൻ. ഇവിടെ നിന്ന് 200 കിലോമീറ്റർ അകലെയുള്ള വിമാനത്താവളത്തിലേക്കാണ് വിമാനം പോയത്. റണ്‍വേയില്‍ നിന്നും വിമാനം തെന്നി മാറിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. പൊലീസിന്റെയും അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ രക്ഷാദൗത്യം പുരോഗമിക്കുകയാണ്.
തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നാണ് വിവരം. നേപ്പാളിലെ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകള്‍ക്കുള്ള പ്രധാന വിമാനത്താവളമായ ത്രിഭുവൻ ഇൻ്റർനാഷണല്‍ എയർപോർട്ട് അപകടത്തിന് പിന്നാലെ അടച്ചു. കാഠ്മണ്ഡുവില്‍ മണ്‍സൂണ്‍ മഴക്കാലമാണെങ്കിലും അപകടസമയത്ത് മഴ പെയ്തിരുന്നില്ല.അപകട കാരണം അന്വേഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.