Home Featured പേ ആൻഡ് പാർക്കിങ്ങ് പദ്ധതി നിർത്തിവെച്ചു

പേ ആൻഡ് പാർക്കിങ്ങ് പദ്ധതി നിർത്തിവെച്ചു

by admin

മൈസൂരു: നഗരത്തിലെ വാഹനപാർക്കിങ് പ്രശ്നത്തിന് പരിഹാരമായി മൈസൂരുകോർപ്പറേഷൻ നടപ്പാക്കാൻ തീരുമാനിച്ച പേ ആൻഡ് പാർക്കിങ് പദ്ധതിക്കെതിരേ ഒരുവിഭാഗം വ്യാപാരികളിൽനിന്ന് എതിർപ്പ് ശക്തമായി. ഇതേത്തുടർന്ന് ടെൻഡർനടപടികൾ നിർത്തിവെച്ചതായി മേയർ ശിവകുമാർ ചൊവ്വാഴ്ച അറിയിച്ചു.

സയ്യാജിറാവു റോഡ്, ഡി.ഡി. അരശ് റോഡ്, വിനോബാ റോഡ്, ധന്വന്തരി റോഡ്, അശോക റോഡ്, ഹർഷ റോഡ് എന്നീ ആറ്ു റോഡുകളിലാണ് പേ ആൻഡ് പാർക്കിങ് നടപ്പാക്കാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് കൗൺസിൽ പ്രമേയം പാസാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് എതിർപ്പുയർന്നത്.

റോഡുകളിലെ വാഹനപാർക്കിങ്ങിന് പണമീടാക്കുന്നതിനുപകരം ടൗൺ ഹാളിലെ ബഹുനില പാർക്കിങ് സമുച്ചയം പ്രവർത്തനസജ്ജമാക്കുകയാണ് വേണ്ടതെന്ന് എതിർപ്പുയർത്തുന്നവർ പറയുന്നു. പൊതുജനങ്ങൾക്ക് അനാവശ്യ സാമ്പത്തികച്ചെലവുണ്ടാക്കുന്നതാണ് പദ്ധതിയെന്നും ഇവർ കുറ്റപ്പെടുത്തി.

ആദ്യഘട്ടത്തിൽ ആറ്ുറോഡുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചശേഷം പിന്നീട് നഗരത്തിലെ മറ്റു റോഡുകളിലേക്കും വ്യാപിപ്പിക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിട്ടത്. എന്നാൽ, തുടക്കത്തിൽതന്നെ പദ്ധതിയുടെ നടപടികൾ നിർത്തിവെക്കേണ്ടിവന്നത് കോർപ്പറേഷന് തിരിച്ചടിയായി മാറിയിരിക്കുകയാണ്. ശക്തമായ എതിർപ്പ് ഉയർന്നതോടെയാണ് ടെൻഡർനടപടികൾ നിർത്തിവെച്ചതെന്നും വ്യാപാരികളുമായും മറ്റുള്ളവരുമായും ചർച്ച ചെയ്തശേഷം പദ്ധതി നടപ്പാക്കുമെന്നും മേയർ ശിവകുമാർ പറഞ്ഞു.

കർണാടകയിൽ ഒറ്റദിവസം വാഹനാപകടങ്ങളിൽ മരിച്ചത് 33 പേർ

ബെംഗളൂരു: കർണാടകത്തിൽ ഒറ്റ ദിവസംകൊണ്ട് 29 വാഹനാപകടങ്ങളിലായി പൊലിഞ്ഞത് 33 ജീവൻ. തിങ്കളാഴ്ച രാവിലെ ആറുമുതൽ ചൊവ്വാഴ്ചരാവിലെ ആറുവരെയുള്ള കണക്കാണിത്.

ഇരുചക്ര വാഹനാപകടങ്ങളാണ് കൂടുതൽ. 21 അപകടങ്ങളാണ് ഇരുചക്രവാഹനങ്ങൾമൂലമുണ്ടായത്. ഒറ്റ ദിവസംകൊണ്ട് 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡി.ജി.പി.യുടെ കൺട്രോൾറൂമിൽനിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു.

ട്രാഫിക് ആൻഡ് റോഡ് സുരക്ഷാ എ.ഡി.ജി.പി. അലോക് കുമാറാണ് ഈ വിവരങ്ങൾ ട്വിറ്ററിൽ ഷെയർ ചെയ്തത്. ബെംഗളൂരു, ബെംഗളൂരു റൂറൽ എന്നിവിടങ്ങളിൽ മൂന്ന് ബൈക്ക് അപകടങ്ങളിലായി മൂന്നുപേർ മരിച്ചു. ചിത്രദുർഗയിലെ ഭരമസാഗരയിലാണ് അപകടത്തിൽ ഏറ്റവുംകൂടുതൽപേർ മരിച്ചത്. ഇവിടെ കാറുംലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഏറ്റവുംകൂടുതൽ പേർക്ക് പരിക്കേറ്റത് ചിക്കബെല്ലാപുരയിലെ ഗൗരിബിദനൂരിലാണ്. ഇവിടെ സ്വകാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 14 പേർക്ക് പരിക്കേറ്റു. വാഹനമോടിക്കുമ്പോൾ ഗതാഗതനിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അലോക് കുമാർ ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group