ബെംഗളൂരു: ഹോട്ടൽ മുറിയിൽ വിദേശ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ബുധനാഴ്ച രാത്രി പത്തരയോടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് മുൻപ് മർദ്ദനമേറ്റിരുന്നുവെന്ന് പോലീസ് അറിയിച്ചു. സന്ദർശക വീസയിൽ ഡൽഹിയിലെത്തിയ സറീന ഉത്കിറോവ്ന മാർച്ച് അഞ്ചിനാണ് ബെംഗളൂരുവിൽ എത്തിയത്.
കുമാര പാർക്ക് വെസ്റ്റിലെ സാങ്കെയ് റോഡിലുള്ള ജഗദീഷ് ഹോട്ടലിലാണ് മുറിയെടുത്തത്. യുവതിയുടെ മരണത്തിൽ ഹോട്ടൽ ജീവനക്കാരായ രണ്ടുപേരെ സംശയിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി മുതൽ ഇവരെ കാണാനില്ല. യുവതിയുടെ മുഖത്ത് പരുക്കേറ്റ പാടുകളുണ്ട്. മുറിയിൽ ഒന്നിൽ കൂടുതൽപ്പേർ ഉണ്ടായിരുന്നതായാണ് സംശയം.
ബുധനാഴ്ച വൈകുന്നേരം വിവിധ സമയങ്ങളിലായി മൂന്നു പുരുഷന്മാർ യുവതിയുടെ മുറിയിലേക്കു കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. ഒരാൾ രാത്രി ഏഴു മണിക്കാണ് മുറിയിൽ പ്രവേശിക്കുന്നത്. പിന്നീട് ഹോട്ടലിലെ രണ്ടു ജീവനക്കാരും കയറി. ഇതിനുപിന്നാലെ യുവതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയി. ഈ ഫോൺ ഇതുവരെ കണ്ടെടുക്കാനായില്ല.
മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്കു മാറ്റി. കുടുംബാംഗങ്ങൾ എത്തുന്നതുവരെയോ പോസ്റ്റ്മോർട്ടത്തിന് ബന്ധുക്കൾ വാക്കാൽ അനുമതി നൽകുന്നതുവരെയോ അവിടെ സൂക്ഷിക്കുമെന്ന്പോലീസ് അറിയിച്ചു. യുവതിക്കുവേണ്ടി മറ്റൊരാളാണ് മുറി ബുക്ക് ചെയ്തത്. അയാളെക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിക്കുകയാണ്.
ഹോട്ടലിൽ എത്തിയശേഷം അവർ മുറിക്കു പുറത്തേക്ക് ഇറങ്ങിയിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഭക്ഷണം മുറിയിലേക്കു വരുത്തുകയായിരുന്നു. എന്നാൽ ബുധനാഴ്ച രാത്രിയിൽ ഒന്നും വന്നില്ല. ഇന്റർകോം വഴി വിളിച്ചപ്പോൾ പ്രതികരണം ഉണ്ടായില്ല. തുടർന്ന് ജീവനക്കാർ മൊബൈലിലേക്കു വിളിച്ചു. സ്വിച്ച് ഓഫ് ആയിരുന്നു. അതേത്തുടർന്നാണ് ജീവനക്കാർ മുറി പരിശോധിക്കാനെത്തിയത്. മുറിയിൽനിന്നു ലഭിച്ച ബാഗ് ശൂന്യമായിരുന്നു. ഐഫോൺ ആണ് യുവതി ഉപയോഗിച്ചിരുന്നതെന്നാണ് പോലീസിന്റെ സംശയം