ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനില്‍ ഓടിക്കാനായി നിർമ്മിക്കുന്ന ട്രെയിൻ സെറ്റിന്റെ പ്രോട്ടോടൈപ്പ് ഇന്ന് പുറത്തിറക്കുമെന്ന് റിപ്പോർട്ട്.ആറ് കോച്ചുകളുള്ള ഈ ട്രെയിൻസെറ്റ് ബിഇഎംഎലിന്റെ ന്യൂ തിപ്പസാന്ദ്ര പ്ലാന്റില്‍ നിന്ന് കൊത്തന്നൂർ ഡിപ്പോയിലേക്ക് ട്രെയിലറുകള്‍ വഴി കൊണ്ടുപോകും. ഈ പ്രോട്ടോടൈപ്പ് ട്രെയിനിന് ആവശ്യമായ അനുമതികള്‍ അതിവേഗം സംഘടിപ്പിക്കാൻ ശ്രമം നടത്തുമെന്നാണ് വിവരം. മെട്രോ റെയില്‍വേ സുരക്ഷാ കമ്മീഷണർ (CMRS), റെയില്‍വേ മന്ത്രാലയം, റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (RDSO) എന്നിവരില്‍ നിന്ന് ആവശ്യമായ അനുമതികള്‍ നേടേണ്ടതുണ്ട്. പിങ്ക് ലൈനിന്റെ 7.5 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് കോറിഡോർ 2026 മെയ് മാസത്തോടെ തുറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ബിഇഎംഎലില്‍ നിന്ന് ഈ ട്രെയിൻ സെറ്റുകള്‍ ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. ഇത് പിങ്ക് ലൈനിന്റെ പ്രവർത്തനമാരംഭിക്കുന്നതിനുള്ള പദ്ധതികളെ വൈകിപ്പിച്ചു. 2025 ജൂണില്‍ എത്തേണ്ടിയിരുന്നതാണ് ഇന്ന് അവതരിപ്പിക്കുന്ന പ്രോട്ടോടൈപ്പ് ട്രെയിൻ. ഉപകരണങ്ങളുടെ ലഭ്യതക്കുറവും ടൈപ്പ് ടെസ്റ്റുകളിലെ കാലതാമസവുമാണ് വൈകിയതിന് കാരണമായി പറയുന്നത്. ഈ കാലതാമസം കാരണം 2026 മെയ് മാസത്തോടെ പിങ്ക് ലൈൻ തുറക്കുന്നതിനെക്കുറിച്ച് ആശങ്കകളുണ്ട്.2026 മാർച്ചോടെ 20 ട്രെയിനുകള്‍ കൈമാറിക്കിട്ടുമെന്ന് ബെംഗളൂരു മെട്രോ അധികാരികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ട്രെയിനുകള്‍ ബെംഗളൂരു, ഭോപ്പാല്‍ യൂണിറ്റുകളിലാണ് നിർമ്മിക്കുന്നത്. പിങ്ക് ലൈനിന്റെ പ്രവർത്തനമാരംഭിക്കുന്നതിനും വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യം നിറവേറ്റുന്നതിനും ഇത് സഹായിക്കും.ബിഇഎംഎലിന് 2023 ഓഗസ്റ്റ് 7-ന് 3,177 കോടി രൂപയുടെ കരാർ ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി 53 ഡ്രൈവർലെസ് ട്രെയിൻസെറ്റുകളാണ് വിതരണം ചെയ്യുക. ഇതില്‍ 37 എണ്ണം ബ്ലൂ ലൈനിനും 16 എണ്ണം പിങ്ക് ലൈനിനുമാണ്. പിന്നീട്, ഏഴ് പിങ്ക് ലൈൻ ട്രെയിനുകള്‍ക്ക് 405 കോടി രൂപയുടെയും ആറ് യെല്ലോ ലൈൻ ട്രെയിനുകള്‍ക്ക് 414 കോടി രൂപയുടെയും അധിക ഓർഡറുകള്‍ ലഭിച്ചു.നിലവിലെ സാഹചര്യത്തില്‍ അടുത്ത അഞ്ച് മാസത്തിനുള്ളില്‍ എട്ട് ട്രെയിനുകള്‍ പോലും വിതരണം ചെയ്യാൻ ബിഇഎംഎലിന് കഴിഞ്ഞേക്കില്ലെന്ന് വിലയിരുത്തപ്പെടുന്നു. പിങ്ക് ലൈനിന്റെ പ്രവർത്തനം ആരംഭിക്കാൻ 6-8 ട്രെയിനുകള്‍ ആവശ്യമാണ്.പ്രോട്ടോടൈപ്പ് ട്രെയിൻ നിർമ്മിച്ച് നല്‍കാനുള്ള കാലതാമസത്തിന് കാരണം, ട്രെയിനിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളായ ഗിയർബോക്സ് അസംബ്ലികള്‍, മോട്ടോർ വീല്‍ സെറ്റുകള്‍, ഡോറുകള്‍ എന്നിവയുടെ ലഭ്യതക്കുറവാണ്. കൂടാതെ, ബോഗി ഫറ്റീഗ്, ക്രാഷ്, കാർബോഡി സ്ക്വീസ് ടെസ്റ്റുകള്‍ പോലുള്ള സുരക്ഷാ പരിശോധനകള്‍ക്ക് ആവശ്യമായ ടെസ്റ്റിംഗ് സൗകര്യങ്ങള്‍ ഇന്ത്യയില്‍ ലഭ്യമല്ലാത്തതും കാലതാമസത്തിന് കാരണമായിട്ടുണ്ട്. ഓരോ ടെസ്റ്റിനും മാസങ്ങളോളം സമയമെടുക്കും. ഉദാഹരണത്തിന്, ബോഗി ഫറ്റീഗ് ടെസ്റ്റ് പൂർത്തിയാക്കാൻ ഏകദേശം മൂന്ന് മാസത്തോളം എടുക്കും.