ബംഗളൂരു: യുവതിയുടെ ജീവന് ഭീഷണിയുണ്ടെന്ന ബന്ധുക്കളുടെ പരാതി അവഗണിച്ചതിന് എസ്.ഐക്കും പൊലീസിനും സസ്പെൻഷൻ. ഹുബ്ബള്ളി നഗരത്തില്‍ ബെൻഡിഗേരി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചന്ദ്രകാന്ത്, കോണ്‍സ്റ്റബിള്‍ രേഖ ഹവറെഡ്ഡി എന്നിവരെയാണ് ഹുബ്ബള്ളി-ധാർവാഡ് പൊലീസ് കമീഷണർ രേണുക സുകുമാർ സസ്പെൻഡ് ചെയ്തത്.
ബുധനാഴ്ച പുലർച്ചെ കൊല്ലപ്പെട്ട യുവതിയുടെ ജീവന് ഭീഷണിയുണ്ടെന്ന ബന്ധുക്കളുടെ പരാതിയാണ് അവഗണിച്ചത്. വീരപുര ഓനിയില്‍ അഞ്ജലി അംബിഗെരയാണ്(20) കൊല്ലപ്പെട്ടത്. അക്രമി കെ. വിശ്വ എന്ന ഗിരീഷ് (27) കൃത്യം ചെയ്തശേഷം രക്ഷപ്പെട്ടു. യുവതിയുടെ വല്ല്യമ്മ ഗംഗമ്മയും സഹോദരിമാരും മാത്രമുള്ള സമയത്താണ് അക്രമി വീട്ടില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ വലിച്ചിഴച്ച് അടുക്കള ഭാഗത്തേക്ക് കൊണ്ടുപോയി കത്തി ഉപയോഗിച്ച് തുരുതുരാ കുത്തി കൊല്ലുകയായിരുന്നു.
രക്ഷിതാക്കള്‍ അറിയാതെ ഒരുമിച്ച് മൈസൂരുവില്‍ പോവാൻ അഞ്ജലിയെ വിശ്വ നിർബന്ധിച്ചിരുന്നതായി മുത്തശ്ശി പറഞ്ഞു. യുവാവിന്റെ മോശം പശ്ചാത്തലം അറിയുന്നതിനാല്‍ ഇതുസംബന്ധിച്ച് മുത്തശ്ശി പൊലീസില്‍ പരാതി നല്‍കിയിരുന്നു. വഴങ്ങിയില്ലെങ്കില്‍ നേഹയുടെ അനുഭവമുണ്ടാകുമെന്ന് അഞ്ജലിയെ ഭീഷണിപ്പെടുത്തിയ കാര്യം ഉണർത്തിയായിരുന്നു പരാതി.
എന്നാല്‍ വെറുതെ തോന്നുന്നതാണെന്നും അതിന്റെ പേരില്‍ കേസെടുക്കാനാവില്ലെന്നും പറഞ്ഞ് പൊലീസ് തിരിച്ചയക്കുകയായിരുന്നു. വിശ്വ ബൈക്ക് മോഷണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസിന് അറിയാമായിരുന്നു.