Home പ്രധാന വാർത്തകൾ ബെംഗളൂരുവിന്റെ മുഖം തന്നെ മാറും; നാഗവാര മെട്രോ സ്‌റ്റേഷന് മുകളില്‍ 4 നില വാണിജ്യ സമുച്ചയം, അതും 6 ഏക്കറില്‍!

ബെംഗളൂരുവിന്റെ മുഖം തന്നെ മാറും; നാഗവാര മെട്രോ സ്‌റ്റേഷന് മുകളില്‍ 4 നില വാണിജ്യ സമുച്ചയം, അതും 6 ഏക്കറില്‍!

by admin

ബെംഗളൂരു: നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പല വികസന പ്രവർത്തനങ്ങളും അണിയറയില്‍ തകൃതിയായി നടക്കുന്നുണ്ട്.ഇപ്പോഴിതാ നമ്മ മെട്രോ പിങ്ക് ലൈനിലുള്ള നാഗവാര മെട്രോ സ്‌റ്റേഷന് മുകളിലായി ആറ് ഏക്കറോളം വരുന്ന ഭൂമിയില്‍ നാല് നില വാണിജ്യ സമുച്ചയം ഉയരുമെന്ന് അറിയിച്ചിരിക്കുകയാണ് അധികൃതർ. ഭൂഗർഭ സ്‌റ്റേഷനോട് ചേർന്ന് 3,225.73 ചതുരശ്ര മീറ്റർ വിസ്‌തീർണ്ണമുള്ള ഒരു മള്‍ട്ടി ലെവല്‍ പാർക്കിംഗ് സൗകര്യവും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ട്.നാഗവാര മെട്രോ സ്‌റ്റേഷനില്‍ 23,392.24 ചതുരശ്ര മീറ്റർ (5.7 ഏക്കർ) വിസ്‌തീർണ്ണത്തില്‍ നാല് നിലകളിലായി വാണിജ്യ സമുച്ചയം നിർമ്മിക്കുന്നതിന്, പ്രമുഖ ഡെവലപ്പർമാർ, കോർപ്പറേറ്റ് സ്ഥാപനങ്ങള്‍, കോ-വർക്കിംഗ് ഓപ്പറേറ്റർമാർ, റീട്ടെയില്‍ അല്ലെങ്കില്‍ മാള്‍ ശൃംഖലകള്‍ എന്നിവരില്‍ നിന്ന് ബാംഗ്ലൂർ മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് വെള്ളിയാഴ്‌ച താല്‍പ്പര്യപത്രം ക്ഷണിച്ചിരുന്നു.ആദ്യത്തെ രണ്ട് നിലകള്‍ തൂണുകള്‍, ബീമുകള്‍, സ്ലാബുകള്‍ എന്നിവ സഹിതം പൂർത്തിയായിട്ടുണ്ടെന്നും (വശങ്ങളിലെ ഭിത്തികള്‍ പൂർത്തിയാക്കാനുണ്ട്), ബാക്കിയുള്ള രണ്ട് നിലകള്‍ 8-10 മാസത്തിനുള്ളില്‍ പൂർത്തിയാക്കുമെന്നും ബിഎംആർസിഎല്‍ അറിയിച്ചു. ഇതോടെ നമ്മ മെട്രോയുടെ ഭാഗമായുള്ള നാഗവാരയില്‍ ഇനി വികസനം കൂടുതല്‍ വേഗത്തിലാകും.ഗ്രേഡ് ‘എ’ ഓഫീസുകള്‍, കോ-വർക്കിംഗ് ഹബുകള്‍ അല്ലെങ്കില്‍ പ്രീമിയം ഷോപ്പിംഗ് മാളുകള്‍ എന്നിവയ്ക്ക് ഈ സ്ഥലം അനുയോജ്യമാണെന്നാണ് കരുതുന്നത്. മെട്രോ സ്റ്റേഷനിലെ കോണ്‍കോഴ്‌സ്, പ്ലാറ്റ്‌ഫോം തലങ്ങളില്‍ നിന്ന് പ്രത്യേക ലിഫ്റ്റുകളും എസ്‌കലേറ്ററുകളും സ്ഥാപിക്കാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് തന്നെ യാത്രക്കാർക്കും അല്ലാത്തവർക്കും ഇത് ഒരുപോലെ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം.2026 ഡിസംബറോടെ തുറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ സ്റ്റേഷൻ എംബസി മാന്യത ബിസിനസ് പാർക്ക്, കാർലെ ടൗണ്‍ സെന്റർ, മറ്റ് ടെക് സെന്ററുകള്‍ എന്നിവയ്ക്ക് സമീപമായതിനാല്‍ നിരവധി ആളുകള്‍ക്ക് ഗുണം ചെയ്യും. മാത്രമല്ല ബ്ലൂ ലൈനില്‍ നിർമ്മിക്കുന്ന എലിവേറ്റഡ് സ്‌റ്റേഷൻ വഴി നാഗവാരയ്ക്ക് വിമാനത്താവളത്തിലേക്കും കണക്റ്റിവിറ്റി ലഭിക്കും.അതിന്റെ പ്രവർത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ഇത് 2027 ഡിസംബറോടെ തുറക്കാനാണ് സാധ്യത. ഔട്ടർ റിംഗ് റോഡ് ഫ്ലൈഓവറിന് മുകളിലാണ് എലവേറ്റഡ് സ്‌റ്റേഷൻ നിർമ്മിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കിയ ശേഷം ഈ രണ്ട് സ്‌റ്റേഷനുകളുടെയും കോണ്‍കോഴ്‌സുകള്‍ നേരിട്ട് ബന്ധിപ്പിക്കും.വ്യവസായ പ്രമുഖരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് താത്പര്യ പത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്നും, പിന്നീട് ഒരു റിക്വസ്‌റ്റ് ഫോർ പ്രൊപ്പോസല്‍ ക്ഷണിക്കുമെന്നും മുതിർന്ന ബിഎംആർസിഎല്‍ ഉദ്യോഗസ്ഥൻ അറിയിച്ചു. തുടർന്ന് ലഭിച്ച ആശയങ്ങളും പ്രതികരണങ്ങളും വിലയിരുത്തിയ ശേഷം വികസന മാതൃക അന്തിമമാക്കുകയും ഔദ്യോഗിക ടെൻഡർ പുറത്തിറക്കുകയും ചെയ്യും.വിപണി പ്രതീക്ഷകള്‍ക്കും ദീർഘകാല പ്രായോഗികതയ്ക്കും അനുസൃതമായി താത്പര്യ പത്ര പ്രക്രിയയിലെ പ്രസക്തമായ സവിശേഷതകള്‍ ടെൻഡറില്‍ ഉള്‍പ്പെടുത്തുമെന്നും ബിഎംആർസിഎല്‍ കൂട്ടിച്ചേർത്തു. താല്‍പര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 15 ആണ്. അതേസമയം, ഈ വർഷം ബിഎംആർസിഎല്‍ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ പ്രോപ്പർട്ടി ഡെവലപ്‌മെന്റ് പദ്ധതി കൂടിയാണിത് എന്ന പ്രത്യേകത കൂടിയുണ്ട്.നേരത്തെ കെആർ പുരം മെട്രോ സ്‌റ്റേഷന് സമീപം 1.66 ഏക്കർ സ്ഥലത്ത് ബേസ്‌മെന്റ് പാർക്കിംഗോടുകൂടിയ 11 നില വാണിജ്യ കെട്ടിടം നിർമ്മിക്കാൻ കോർപ്പറേഷൻ ഇതിനോടകം പദ്ധതി ഇട്ടിരുന്നു. മെട്രോ സ്‌റ്റേഷന് മുകളില്‍ 31,920 ചതുരശ്ര മീറ്റർ സ്ഥലത്ത് ഒരു ദശലക്ഷം ചതുരശ്ര മീറ്ററിലധികം വാണിജ്യ സ്ഥലവും ഏറ്റവും വലിയ പാർക്കിംഗ് സൗകര്യവും വികസിപ്പിക്കാനാണ് മെട്രോ ലക്ഷ്യമിടുന്നത്.മെട്രോയുടെ വരുമാനത്തിന്റെ 15 ശതമാനം ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിനുള്ള കമ്ബനിയുടെ തന്ത്രത്തിന്റെ ഭാഗമാണ് ഈ പ്രോപ്പർട്ടി ഡെവലപ്‌മെന്റ് പദ്ധതി. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് നാഗവാര മെട്രോ സ്‌റ്റേഷനില്‍ ഒരുങ്ങുന്ന വമ്ബൻ വാണിജ്യ സമുച്ചയം. എന്തായാലും പദ്ധതി നടപ്പിലായാല്‍ ബെംഗളൂരുവിന്റെ വടക്കുകിഴക്കൻ മേഖലയുടെ വികസനം ഒന്നുകൂടി വേഗത്തിലാവും.

You may also like

error: Content is protected !!
Join Our WhatsApp Group