ബെംഗളൂരു: കൃഷിയിടത്തില്‍ പശുക്കള്‍ കയറിയെന്ന് ആരോപിച്ച് ദലിത് സ്ത്രീയെ തൂണില്‍ കെട്ടിയിട്ട് ചെരിപ്പു കൊണ്ട് മര്‍ദ്ദിച്ചു. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലാണ് സംഭവം. അംരീഷ് കുമ്ബാര്‍ എന്നയാളാണ് സ്ത്രീയെ മര്‍ദ്ദിച്ചത്. സ്ത്രീയെ തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
ശോഭമ്മ ഹരിജന്‍ എന്ന സ്ത്രീക്കാണ് മര്‍ദ്ദനമേറ്റത്. തന്നെ അടിക്കരുതെന്ന് ഇവര്‍ അപേക്ഷിക്കുന്നത് വീഡിയോയില്‍ കാണാം. എന്നിട്ടും മര്‍ദ്ദനം തുടരുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം അംരീഷ് കുമ്ബാറിനെതിരെ പൊലീസ് കേസെടുത്തു.
കന്നുകാലികള്‍ കുമ്ബാറിന്റെ പറമ്ബിലേക്ക് കയറിയപ്പോള്‍ തന്നെ ഉടന്‍ തിരിച്ചുകൊണ്ടുവരാനായി പോയെന്നും എന്നാല്‍ ഉടമ സ്ത്രീയെ തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.