ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള പദ്ധതിയായ 73 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു ബിസിനസ് കോറിഡോറുമായി (ബിബിസി) സംസ്ഥാന സർക്കാർ അതിവേഗം മുന്നോട്ട്.

2026 മാർച്ചോടെ 7,000 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങള്‍ക്കുള്ള ടെൻഡർ ക്ഷണിക്കാൻ സംസ്ഥാന സർക്കാർ അനുമതി നല്‍കി. ഇതോടെ ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാനുള്ള വമ്ബൻ പദ്ധതി അതിവേഗത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായി.മൂന്ന് ഘട്ടങ്ങളായി തിരിച്ചിരിക്കുന്ന ഈ പദ്ധതിയുടെ ഓരോ ഘട്ടത്തിനും ഏകദേശം 2,500 കോടി രൂപ ചെലവ് വരും. ഇതിനായി ബെംഗളൂരു ബിസിനസ് കോറിഡോർ ലിമിറ്റഡ് (BBCL) എന്ന പ്രത്യേക കമ്ബനി രൂപീകരിച്ചിട്ടുണ്ട്. ബെംഗളൂരു ബിസിനസ് കോറിഡോർ എട്ട് വരി പാതയും അതിനോട് ചേർന്നുള്ള നാല് വരി സർവീസ് റോഡുകളും ഉള്‍ക്കൊള്ളുന്നതാണ്. ഇത് തുമുകുരു റോഡ്, ബല്ലാരി റോഡ്, ഓള്‍ഡ് മദ്രാസ് റോഡ്, ഹൊസൂർ റോഡ് തുടങ്ങിയ പ്രധാന ഹൈവേകളെ ബന്ധിപ്പിക്കും.പദ്ധതിയുടെ ആദ്യ ഘട്ടത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഫ്രഞ്ച് കണ്‍സള്‍ട്ടൻസിയായ അസ്സീസ്റ്റം ആണ് വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കുന്നത്. ഏകദേശം 80 ശതമാനം ഭൂമി ഏറ്റെടുത്ത് കഴിഞ്ഞാല്‍ ടെൻഡർ നടപടികള്‍ ആരംഭിക്കും. ഭൂമി കൈവശം കിട്ടിയാല്‍ കരാർ കമ്ബനികള്‍ക്ക് 30 മാസത്തിനുള്ളില്‍ നിർമാണം പൂർത്തിയാക്കണം. പദ്ധതിയുടെ നിർമാണ രീതിയായ EPC (എൻജിനീയറിങ്, പ്രൊക്യൂർമെന്റ്, കണ്‍സ്ട്രക്ഷൻ), BOT (ബില്‍ഡ് – ഓപ്പറേറ്റ് – ട്രാൻസ്ഫർ), അല്ലെങ്കില്‍ HAM (ഹൈബ്രിഡ് ആന്വിറ്റി മോഡല്‍) എന്നിവയെക്കുറിച്ച് സർക്കാർ ഇപ്പോഴും വിലയിരുത്തുകയാണ്.ഇന്റർചേഞ്ചുകള്‍ക്കും ക്ലോവർലീഫുകള്‍ക്കുമായി (റോഡുകള്‍ കൂട്ടിമുട്ടുന്ന ഭാഗങ്ങള്‍) ഏകദേശം 500 ഏക്കർ അധിക ഭൂമി ആവശ്യമായി വരും. ആദ്യം മൂന്ന് ക്ലോവർലീഫുകളാണ് പദ്ധതിയിട്ടിരുന്നതെങ്കിലും ഭാവിയിലെ ഗതാഗത തിരക്ക് കണക്കിലെടുത്ത് ഇത് അഞ്ചായി വർധിപ്പിച്ചിട്ടുണ്ട്.പദ്ധതിക്കായി കർഷകരില്‍ നിന്നും ഭൂവുടമകളില്‍ നിന്നും ഭൂമി ഏറ്റെടുക്കുന്നതില്‍ എതിർപ്പ് നേരിടുന്നുണ്ട്. നഷ്ടപരിഹാരം സംബന്ധിച്ചാണ് പരാതി. പുതിയ 2013ലെ നിയമത്തിന് പകരം പഴയ 1894ലെ ഭൂമി ഏറ്റെടുക്കല്‍ നിയമമാണ് ഉപയോഗിക്കുന്നതെന്ന് അവർ ആരോപിച്ചു. അതേസമയം, ബെംഗളൂരു നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ രൂക്ഷമാണ്. ഇതുവരെ 13,000 കുഴികള്‍ നികത്തിയെങ്കിലും അറ്റകുറ്റപ്പണികളുടെ വേഗതയെക്കുറിച്ചും അവയുടെ നിലനില്‍പ്പിനെക്കുറിച്ചും പരാതികള്‍ തുടരുകയാണ്.