ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മൂല്യമേറിയ സംവിധായകന്‍ ഇന്ന് രാജമൗലിയാണ്. ബാഹുബലി ഫ്രാഞ്ചൈസിയിലൂടെ ഇന്ത്യ മുഴുവന്‍ അദ്ദേഹം പേര് നേടിയെങ്കില്‍ രാജമൗലിയിലേക്ക് ആഗോള ശ്രദ്ധ എത്തുന്നത് അതിന് ശേഷം തിയറ്ററുകളിലെത്തിയ ആര്‍ആര്‍ആറിലൂടെയാണ്.ഇപ്പോഴിതാ വാരണാസി എന്ന് പേരിട്ടിരിക്കുന്ന, കരിയറിലെ ഏറ്റവും വലിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് അദ്ദേഹം. മഹേഷ് ബാബു നായകനാവുന്ന ചിത്രം 2027 ല്‍ മാത്രമേ തിയറ്ററുകളില്‍ എത്തൂ. ആര്‍ആര്‍ആറിന് ശേഷം അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു രാജമൗലി റിലീസ്. എന്നാല്‍ അതിന് മുന്‍പ് അദ്ദേഹത്തിന്‍റെ മറ്റൊരു ചിത്രം തിയറ്ററുകളില്‍ കാണാനുള്ള അവസരം പ്രേക്ഷകരെ തേടി എത്തുകയാണ്.ബാഹുബലിക്ക് മുന്‍പ് അദ്ദേഹം സംവിധാനം ചെയ്ത ഈഗ എന്ന ചിത്രമാണ് റീ റിലീസിന് ഒരുങ്ങുന്നത്. ഇന്ത്യയില്‍ മാത്രമല്ല, മറിച്ച് ആഗോള റിലീസിനാണ് ചിത്രം തയ്യാറെടുക്കുന്നതെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഹുബലിക്ക് മുന്‍പ് രാജമൗലിക്ക് തെലുങ്ക് സംസ്ഥാനങ്ങള്‍ക്ക് പുറത്തും ആരാധകരെ നേടിക്കൊടുത്ത ചിത്രമായിരുന്നു ഈഗ. ഒരു സിനിമയില്‍ താരങ്ങളേക്കാള്‍ പ്രാധാന്യം ഫിലിംമേക്കര്‍ക്ക് ആണെന്ന് പ്രേക്ഷകരെ ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്തിയ ചിത്രം. പേര് പോലെ തന്നെ ഒരു ഈച്ചയെ നായകനായി അവതരിപ്പിച്ച ചിത്രം.
ആര്‍ആര്‍ആര്‍ പാശ്ചാത്യ രാജ്യങ്ങളില്‍ തരംഗം തീര്‍ത്തതിന് പിന്നാലെ ഇതേ സംവിധായകന്‍റെ മറ്റൊരു പ്രധാന ചിത്രമെന്ന നിലയില്‍ ഈഗയ്ക്ക് അവിടങ്ങളില്‍ കാണികളെ ലഭിച്ചിരുന്നു. ഒപ്പം പ്രശംസയും. കൃത്യമായി പ്ലാന്‍ ചെയ്തുള്ള റീ റിലീസിലൂടെ രാജമൗലി എന്ന സംവിധായകന് ആഗോള തലത്തില്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കാന്‍ സാധ്യതയുണ്ട്. ഒപ്പം വാരണാസിക്ക് ആഗോള പ്രേക്ഷകരിലേക്കുള്ള വഴിതെളിക്കലുമാവും ഇത്.അതേസമയം വാരണാസിയില്‍ മഹേഷ് ബാബുവിനൊപ്പം പൃഥ്വിരാജും പ്രിയങ്ക ചോപ്രയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുംഭ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മന്ദാകിനി എന്നാണ് പ്രിയങ്കയുടെ കഥാപാത്രത്തിന്‍റെ പേര്. ചിത്രം ഒരു ആഫ്രിക്കന്‍ ജംഗിള്‍ അഡ്വഞ്ചര്‍ ആണെന്നാണ് വിവരം. അതിനാല്‍ത്തന്നെ നാം നിത്യജീവിതത്തില്‍ കാണുന്നതരം കഥാപാത്രങ്ങള്‍ ആയിരിക്കില്ല ചിത്രത്തിലേത്. ആഗോള മാര്‍ക്കറ്റ് ലക്ഷ്യമാക്കി രാജമൗലി ഒരുക്കുന്ന ഈ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം വരുന്നപക്ഷം ബോക്സ് ഓഫീസില്‍ അത്ഭുതങ്ങളാവും സംഭവിക്കുക. വിജയിക്കുന്നപക്ഷം ഇന്ത്യന്‍ സിനിമാ വ്യവസായത്തെത്തന്നെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്ന നാഴികക്കല്ലായി മാറും ഈ ചിത്രം.