കൊല്ലം: ദിവസം ഇരുപതിലേറെ തവണ വൈദ്യുതി പോയി,കെഎസ്ഇബിക്ക് ‘ചില്ലറ’ കൊണ്ട് പണികൊടുത്ത് പഞ്ചായത്ത് മെമ്പര്‍. ഒന്‍പത് വീടുകളിലെ ബില്‍ തുകയായ എണ്ണായിരത്തോളം രൂപ ചില്ലറയായി നല്‍കിയാണ് കൊല്ലം തലവൂര്‍ ഗ്രാമ പഞ്ചായത്തിലെ രണ്ടാലുംമൂട് വാര്‍ഡിലെ ബിജെപി അംഗം സി രഞ്ജിത്ത് പ്രതിഷേധം അറിയിച്ചത്.കഴിഞ്ഞദിവസം കെഎസ്ഇബി പട്ടാഴി സെക്ഷന്‍ ഓഫീസിലാണ് സംഭവം. മേഖലയില്‍ ബില്‍ അടയ്ക്കാത്തവരുടെ വൈദ്യുതി വിച്ഛേദിക്കുന്ന അവസാന ദിവസമായിരുന്നു ഇന്നലെ. ഒന്‍പത് വീടുകളിലെ ബില്ലുമായി നേരിട്ടെത്തിയാണ് മെമ്പര്‍ പണം അടച്ചത്. ഓരോ ബില്ലിന്റെയും തുക പ്രത്യേകം കവറുകളിലാക്കി കെട്ടി സഞ്ചിയിലാണ് എത്തിച്ചത്. ജീവനക്കാര്‍ ഒരുമിച്ചിരുന്നാണ് നാണയത്തുട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയത്. ഇനിയും പവര്‍ കട്ട് തുടര്‍ന്നാല്‍, വാര്‍ഡിലെ മുഴുവന്‍ വീടുകളിലെയും ബില്‍ തുക നാണയമാക്കി കൊണ്ടുവരുമെന്നും രഞ്ജിത്ത് ജീവനക്കാരോട് പറഞ്ഞു.
‘സമയം പറഞ്ഞിട്ടുള്ള പവര്‍ കട്ടല്ല. ദിവസം ഇരുപതിലേറെ തവണയാണ് വൈദ്യുതി പോകുന്നത്. അഞ്ചു മിനിറ്റ് വരും, പതിനഞ്ചു മിനിറ്റ് പോകും. ചിലപ്പോള്‍ ഒരു മണിക്കൂര്‍ വൈദ്യുതി ഉണ്ടാകും, അഞ്ചു മിനിറ്റ് പോകും. ഇങ്ങനെ തുടര്‍ച്ചായി പോകാറുണ്ട്. ഇതു കാരണം പല വീടുകളിലെയും ഇലക്ട്രോണിക് ഉപകരണങ്ങള്‍ തകരാറിലാകുകയാണ്. കുറേ നാളായി ഇങ്ങനെ പോകുന്നു. പഞ്ചായത്ത് കമ്മീഷനിലൊക്കെ എപ്പോഴും പരാതി പറയുന്നതാണ്. ഇവിടെ മരങ്ങള്‍ ഉണ്ടായതുകൊണ്ടാണ് വൈദ്യുതി പോകുന്നതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, അവര്‍ കൃത്യമായി ടച്ച് വെട്ടാറുമില്ലെന്നും തന്റെ പ്രതിഷേധം പണം സ്വീകരിക്കുന്ന ജീവനക്കാരോട് അല്ലന്നും കെഎസ്ഇബിയോടാണെന്നും രഞ്ജിത് പറഞ്ഞു.