ബെംഗളൂരു ∙ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം, ബനശങ്കരി മെട്രോ സ്റ്റേഷനെയും ബസ് ടെർമിനലിനെയും ബന്ധിപ്പിച്ച് കാൽനട മേൽപാലം നിർമിക്കാൻ ടെൻഡർ നടപടികൾ ആരംഭിച്ചു. 2019ൽ പാലം നിർമിക്കാൻ അനുമതി ലഭിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങളെ തുടർന്നു പദ്ധതി നീളുകയായിരുന്നു. 50 കോടി രൂപയാണ് പാലം നിർമിക്കാൻ കഴിഞ്ഞ ബിബിഎംപി ബജറ്റിൽ അനുവദിച്ചത്. മേൽപാലത്തിലേക്കു കയറാൻ ലിഫ്റ്റ്, എസ്കലേറ്റർ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്– മാധവാര ഗ്രീൻ ലൈനിൽ വരുന്ന ബനശങ്കരി സ്റ്റേഷനോട് ചേർന്നാണ് ബിഎംടിസി ടെർമിനൽ, ബനശങ്കരി ക്ഷേത്രം, മാർക്കറ്റ് എന്നിവയുള്ളത്. നിലവിൽ മെട്രോ ഇറങ്ങുന്നവർ തിരക്കേറിയ റോഡ് കടന്നുവേണം ഇവിടെയെത്താൻ. ഇതിനിടെ വാഹനം ഇടിച്ച് അപകടങ്ങൾ പതിവായിരുന്നു. മേൽപാലം വരുന്നതോടെ ആ പ്രശ്നം ഒഴിവാകും. കനക്പുര റോഡിനോട് ചേർന്നുകിടക്കുന്ന സ്റ്റേഷനിൽ പ്രതിദിനം 50,000–70,000 യാത്രക്കാർ എത്തുന്നുണ്ട്. മെട്രോ മൂന്നാംഘട്ടത്തിൽ ഉൾപ്പെടുന്ന ജെപി നഗർ– കെംപാപുര മെട്രോ പാത കൂടി യാഥാർഥ്യമാകുന്നതോടെ ബനശങ്കരിയിൽ തിരക്ക് കൂടും.
ലോറിയിൽനിന്ന് ഗർഡർ ഓട്ടോയ്ക്ക് മുകളിൽ വീണു; ഡ്രൈവർ മരിച്ചു വിമാനത്താവള മെട്രോ പാതയിലെ കൊഗിലു ക്രോസിൽ, നിർമാണ ആവശ്യത്തിനായി ട്രെയ്‌ലർ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന കോൺക്രീറ്റ് ഗർഡർ ഓട്ടോയ്ക്ക് മുകളിലേക്കു വീണ് ഡ്രൈവർ മരിച്ചു. യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഹെഗ്ഡെ നഗർ സ്വദേശി കാസിം (35) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് അപകടം. ലോറി പെട്ടെന്ന് നിർത്തിയപ്പോൾ, യു ടേൺ എടുക്കുകയായിരുന്ന ഓട്ടോയ്ക്കു മുകളിലേക്കു ഗർഡർ പതിക്കുകയായിരുന്നു.
മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ ഗർഡർ കൊണ്ടുപോയതാണ് അപകടത്തിനിടയാക്കിയതെന്ന് യെലഹങ്ക പൊലീസ് പറഞ്ഞു. ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു. സംഭവത്തിൽ കരാറുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്നു ബിഎംആർസിയും അറിയിച്ചു. 2023 ജനുവരിയിൽ മെട്രോ തൂൺ നിർമാണത്തിനിടെ ഇരുമ്പ് ചട്ടക്കൂട്ട് താഴേക്കുപതിച്ച് സ്കൂട്ടർ യാത്രക്കാരായ അമ്മയും കുട്ടിയും മരിച്ചിരുന്നു.