ബെംഗളൂരു : കർണാടകത്തിലെ ചിക്കബല്ലാപുരയിൽ കാറിൽ കടത്തിക്കൊണ്ടുപോകുകയായിരുന്ന പത്തുകോടി രൂപയുടെ സ്വർണാഭരണങ്ങൾ പോലീസ് പിടികൂടി.കാറിലുണ്ടായിരുന്ന ആറുപേരെ അറസ്റ്റുചെയ്തു. ചിന്താമണി പോലീസ് സ്റ്റേഷൻ പരിധിയിലെ എൻ.ആർ.ലേ ഓട്ടിൽ നടത്തിയ വാഹനപരിശോധനയിലാണ് അറസ്റ്റ്.കാറിന്റെ മുൻവശം തകർന്നതുകണ്ട് പരിശോധിച്ചപ്പോഴാണ് സ്വർണാഭരണം കണ്ടെത്തിയത്. 10.3 കിലോഗ്രാം സ്വർണാഭരണമാണ് പിടികൂടിയത്.
മഴയിൽ അണക്കെട്ടുകൾ നിറഞ്ഞു; വരൾച്ച ഭീഷണി ഒഴിവായി
ബെംഗളൂരു: കഴിഞ്ഞ ഒരാഴ്ചയിലേറെയായി പെയ്യുന്ന മഴയിൽ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതിനാൽ വരൾച്ച ഭീഷണി ഒഴിവായി. കൃഷ്ണ, കാവേരി, ഗോദാവരി നദികളിലെ 22 അണക്കെട്ടുകളിലും ജലനിരപ്പ് കുത്തനെ ഉയർന്നിട്ടുണ്ട്. കൃഷ്ണനദിയിൽ 16 അണക്കെട്ടുകളും കാവേരി നദിയിൽ നാല് അണക്കെട്ടുകളും ഗോദാവരി നദിയിൽ രണ്ട് അണക്കെട്ടുകളുമാണുള്ളത്.
മഴ വൈകുന്നതിനാൽ ജൂലായ്ആദ്യ വാരം വരെ അണക്കെട്ടുകളിൽ വെള്ളം കുറവായിരുന്നു. അതിനാൽ സംസ്ഥാനം വരൾച്ച ഭീഷണി നേരിടുകയായിരുന്നു. മഴ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തെ വരൾച്ച ബാധിതപ്രദേശമായി പ്രഖ്യാപിക്കേണ്ടി വരുമെന്ന് സർക്കാരും അറിയിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചയായി ശക്തമായി മഴ ലഭിച്ചത് ആശ്വാസമായി. കാവേരി നദിയിലെ കൃഷ്ണരാജ സാഗർ (കെ.ആർ.എസ്.), ഹാരംഗി, കബനി, ഹേമാവതി അണക്കെട്ടുകളിൽ വെള്ളം ഉയർന്നതിനാൽ തമിഴ്നാടിന് കൊടുക്കേണ്ട വെള്ളം മുടങ്ങിയേക്കില്ല. കെ.ആർ.എസ്. അണക്കെട്ടിൽ വെള്ളം ഉയർന്നതിനാൽ ബെംഗളൂരുവിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെടില്ല. ജൂണിലും ജൂലായ് ആദ്യവും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ വരവ് കുറഞ്ഞതിനാൽ ബെംഗളൂരുവിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന ആശങ്കയുണ്ടായിരുന്നു. ഇപ്പോൾ അണക്കെട്ടിൽ സംഭരണ ശേഷിയുടെ 65 ശതമാനത്തോളം വെള്ളമുണ്ട്. മഴ തുടർന്നാൽ വെള്ളത്തിന്റെ അളവ് ഇനിയും ഉയരും.
ഹേമാവതി അണക്കെട്ടിൽ 75.8 ശതമാനവും കബനി അണക്കെട്ടിൽ 94.33 ശതമാനവും വെള്ളമുണ്ട്. ഹാരംഗി അണക്കെട്ടിൽ 83 ശതമാനം വെള്ളമാണുള്ളത്. കൃഷ്ണനദിയിലെ നാരായണപുര, വാണിവിലാസ്, ഹട്ടികുനി, ലോവർ മുല്ലമാരി, അപ്പർ മുല്ലമാരി അണക്കെട്ടുകളിലെല്ലാം 80 ശതമാനത്തിലധികം വെള്ളമുണ്ട്. ഗോദാവരി അണക്കെട്ടിലെ കരഞ്ജ അണക്കെട്ടിൽ 88 ശതമാനവും ചുൽകിനാല അണക്കെട്ടിൽ 55 ശതമാനവും വെള്ളമുണ്ട്. സംസ്ഥാനത്തെ 22 അണക്കെട്ടുകളിലായി നിലവിൽ 395 ഘനയടി വെള്ളമുണ്ട്.
എങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവാണ്. കഴിഞ്ഞ വർഷം ഈ സമയത്ത് 530 ഘനയടി വെള്ളമുണ്ടായിരുന്നു. ജലനിരപ്പ് ഉയർന്നത് സംസ്ഥാനത്തെ കാർഷിക മേഖലയ്ക്കും ഉണർവായിട്ടുണ്ട്.