തഞ്ചാവൂരില്‍ നാലാം ക്ലാസ് വിദ്യാർത്ഥികളോടെ പ്രധാനാധ്യപികയുടെ ക്രൂരത. ക്ലാസില്‍ സംസാരിച്ചതിന് ഒരു പെണ്‍കുട്ടിയടക്കം അഞ്ച് വിദ്യാർത്ഥികളുടെ വായില്‍ ടേപ് ഒട്ടിച്ചു.ചിത്രങ്ങള്‍ സഹിതം പുറത്തുവന്നതോടെ അന്വേഷണം പ്രഖ്യാപിച്ച് കളക്ടർ. ഒറത്തനാടിനടുത്ത് അയ്യമ്ബട്ടിയിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം.ക്ലാസ് റൂമില്‍ സംസാരിച്ചതിന് സ്കൂളിലെ പ്രധാനാധ്യാപികയായ പുനിതയാണ് കുട്ടികളുടെ വായില്‍ ടേപ് ഒട്ടിച്ചത്. നാല് മണിക്കൂറോളം കുട്ടികളെ ഇതേ രീതിയില്‍ നിർത്തിയെന്നും ഒരു കുട്ടിയുടെ വായില്‍ നിന്ന് രക്തം വന്നെന്നുമാണ് പരാതി. ചില കുട്ടികള്‍ക്ക് ശ്വാസ തടസവും അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 21നാണ് സംഭവം നടന്നത്.
കുട്ടികളുടെ ചിത്രങ്ങള്‍ സ്കൂളിലെ ഒരു അധ്യാപികയാണ് മാതാപിതാക്കള്‍ക്ക് അയച്ചത്. തുടർന്ന് ഇവർ ചിത്രം സഹിതം ജില്ലാ കളക്ടർക്ക് പരാതി നല്‍കുകയായിരുന്നു. അതേസമയം സംഭവം വിദ്യാലയത്തിലെ പ്രധാനാധ്യാപികയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും നിഷേധിച്ചു. ഈ സംഭവവുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു പ്രധാനാധ്യാപികയുടെ വാദം.അധ്യാപിക ഒരു വിദ്യാർത്ഥിയോട് ക്ലാസ് മുറി നോക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് സംഭവം നടന്നതെന്ന് എലിമെൻ്ററി സ്‌കൂള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസർ മത്യാസഹാൻ പറഞ്ഞു. സംഭവത്തില്‍ അധ്യാപികയ്‌ക്ക് പങ്കില്ല, വിദ്യാർത്ഥികള്‍ തമ്മിലാണ് ഇത് ചെയ്‌തത്. എന്തായാലും ഈ വിഷയത്തില്‍ തങ്ങള്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.