ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ മുസ്ലിം വിദ്യാര്‍ഥിയെ അധ്യാപിക ക്ലാസിലെ സഹപാഠികളെക്കൊണ്ടു തല്ലിച്ച സംഭവത്തില്‍ സ്കൂള്‍ അടച്ചിടാൻ ഉത്തരവിട്ടു.
മുസാഫര്‍നഗറിലെ കുബപുര് ഗ്രാമത്തിലെ സ്വകാര്യ പ്രൈമറി സ്കൂളായ നേഹ പബ്ലിക് സ്കൂള്‍ ആണ് അടച്ചിടാൻ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ അന്വേഷണം തീരും വരെയാണ് സ്കൂള്‍ അടച്ചിടുക. അതേസമയം, പഠനത്തെ ബാധിക്കാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സമീപത്തെ സ്കൂളില്‍ അവസരമൊരുക്കുമെന്നും വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഏഴുവയസുകാരനെയാണ് അധ്യാപിക ത്രിപ്ത ത്യാഗി സഹപാഠികളെക്കൊണ്ട് തല്ലിച്ചത്. എന്നാല്‍ തന്റെ പ്രവൃത്തിയില്‍ തനിക്ക് കുറ്റബോധമില്ലെന്ന് അവര്‍ പറഞ്ഞു. അധ്യാപികയെന്ന നിലയില്‍ ഗ്രാമത്തിലെ ജനങ്ങളെ സേവിച്ചിട്ടുണ്ടെന്നും അവരെല്ലാം തന്റെ കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്കൂളുകളില്‍ കുട്ടികളെ നിയന്ത്രിക്കേണ്ടതുണ്ട്. ഇങ്ങനെയാണ് തങ്ങള്‍ അവരെ കൈകാര്യം ചെയ്യുന്നതെന്നും ത്രിപ്ത ത്യാഗി പറഞ്ഞു.