ബെംഗളൂരു : രാജ്യത്തെ ഏറ്റവുംവലിയ ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ജീവനക്കാരുടെ എണ്ണംകുറയ്ക്കാൻ തീരുമാനിച്ചതോടെ ഐടി മേഖലയിൽ ആശങ്ക. ആഗോളതലത്തിൽ മൈക്രോസോഫ്റ്റ്, ഇന്റൽ ടെക്നോളജീസ് തുടങ്ങിയ കമ്പനികളിൽ ഈവർഷം ലേ ഓഫിലേക്ക് നീങ്ങുകയാണെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.ടിസിഎസ് പ്രഖ്യാപിച്ചിരിക്കുന്ന ലേ ഓഫിൽ 12,000 പേർക്ക് ജോലി നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. മറ്റ് പ്രമുഖ ഇന്ത്യൻ ഐടി കമ്പനികൾ പിരിച്ചുവിടൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പല ഇടത്തരം കമ്പനികളും ഇതിനകം തന്നെ ലേ ഓഫ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ടിസിഎസിന്റെ നടപടിയ്ക്കെതിരേ ഐടി ജീവനക്കാരുടെ യൂണിയൻ രംഗത്തെത്തി. ലേ ഓഫിന്റെ പേരിൽ ജീവനക്കാരെ നിർബന്ധിച്ച് രാജിവെപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് നിയമവിരുദ്ധമാണെന്നും കർണാടക സ്റ്റേറ്റ് ഐടി എംപ്ലോയീസ് യൂണിയൻ(കെഐടിയു) ആരോപിച്ചു.നഷ്ടപരിഹാരംനൽകാതെ പിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. 100 ജീവനക്കാരിൽ കൂടുതലുള്ള സ്ഥാപനങ്ങൾ ലേഓഫിന് നടപടിയെടുക്കുകയാണെങ്കിൽ അതിന് പാലിക്കേണ്ട നടപടിക്രമങ്ങൾ അടിമറിക്കാനാണ് രാജി വാങ്ങുന്നതെന്നും യൂണിയൻ ആരോപിച്ചു.കമ്പനിയുടെ ഭീഷണിയ്ക്ക് വഴങ്ങി ജീവനക്കാർ രാജി സമർപ്പിക്കരുതെന്നും നിർദേശിച്ചു.
ലേ ഓഫ് നടപടി നേരിടുന്നവരെ നിയമപരമായി സഹായിക്കാൻ ഹെൽപ് ഡെസ്‌കും (9663458279, 9742025570) ആരംഭിച്ചു. ടിസിഎസ് കൂട്ടപ്പിരിച്ചുവിടൽ ആരംഭിച്ചിട്ടില്ലെങ്കിലും ഇതിന് മുന്നോടിയായിട്ടുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. നിലവിൽ ജോലി ചെയ്‌തുകൊണ്ടിരിക്കുന്ന പ്രോജക്ടുകളിൽനിന്ന് പിൻവലിക്കുകയാണ് ഇതിന്റെ ആദ്യനീക്കം. ബെഞ്ചിലേക്ക് നീക്കുകയെന്നാണ് ഇതിനെ വിളിക്കുന്നത്. കുറേപേരെ ഇതിനകം ബെഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്.ജീവനക്കാരുടെ എണ്ണംകുറച്ച് നിർമിത ബുദ്ധി (എഐ) ഉപയോഗപ്പെടുത്തി ലാഭംവർധിപ്പിക്കുകയാണ് കമ്പനികളുടെ ലക്ഷ്യം.
എന്നാൽ എഐ കാരണമല്ല പിരിച്ചുവിടൽ എന്നാണ് ടിസിഎസ് സിഇഒ കെ. കൃതിവാസന്റെ വിശദീകരണം. മേഖലയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് നൈപുണ്യ വികസനംനേടാൻ സാധിക്കാത്തവരെ നിലനിർത്താൻ കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം വിശദീകരിച്ചു. ടിസിഎസിന്റെ ലേഓഫ് പ്രഖ്യാപനത്തെ തുടർന്ന് എല്ലാ പ്രമുഖ ഇന്ത്യൻ കമ്പനികളും ഓഹരിവിപണിയിൽ തിരിച്ചടി നേരിട്ടു. ടിസിഎസ്, എച്ച്സിഎൽ, വിപ്രോ, ഇൻഫോസിസ് എന്നി കമ്പനികളുടെ ഓഹരി വിലയിടിഞ്ഞു
അമ്മക്കരുതല്‍! അഹമ്മദാബാദ് വിമാനദുരന്തത്തില്‍ പൊള്ളലേറ്റ പിഞ്ചുകുഞ്ഞിനു ചര്‍മം നല്കി അമ്മ
എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിനടുത്തുള്ള ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ ഇടിച്ചിറങ്ങിയപ്പോള്‍ എട്ടു മാസം മാത്രം പ്രായമുള്ള ധ്യാൻശിനെ നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുകയായിരുന്നു അമ്മ മനീഷ.തീഗോളങ്ങളും പുകയും മെഡിക്കല്‍ കോളജ് ഹോസ്റ്റലിനെ ആവരണം ചെയ്തപ്പോള്‍ ധ്യാൻശിനെ രക്ഷിക്കണമെന്ന ആ അമ്മയുടെ ദൃഢനിശ്ചയംതന്നെയായിരിക്കണം കുഞ്ഞു ധ്യാൻശിനെ അഹമ്മദാബാദ് വിമാനദുരന്തത്തെ അതിജീവിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാക്കി മാറ്റിയതും.
ജൂണ്‍ 12നുണ്ടായ ദുരന്തത്തില്‍നിന്നു കവചമായി മാത്രമല്ല, ശരീരത്തില്‍ 36 ശതമാനം പൊള്ളലേറ്റ കുഞ്ഞിനു സ്വന്തം ചർമവും നല്‍കി ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരികയാണ് മനീഷ.ബിജെ മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തില്‍ വിദ്യാർഥിയായ കപില്‍ കഛാഡിയയുടെ ഭാര്യയും മകനുമാണ് മനീഷയും ധ്യാൻശും. വിമാനം ഇടിച്ചിറങ്ങി അപകടമുണ്ടായശേഷം മെഡിക്കല്‍ കോളജ് റെസിഡൻഷ്യല്‍ ഹോസ്റ്റലിലെ തങ്ങളുടെ വസതിയില്‍ ചൂട് കൂടിവന്നതും ഒരു നിമിഷത്തേക്ക് എല്ലാം ഇരുട്ടിലായതുമാണു മനീഷ ഓർമിക്കുന്നത്.
പേടിപ്പെടുത്തുന്ന ആ നിമിഷത്തില്‍ മകനെയുമെടുത്ത് പുറത്തേക്കെത്തുക എന്നൊരൊറ്റ ലക്ഷ്യം മായി മനീഷ ധ്യാൻശിനെ നെഞ്ചോടുചേർത്തു പിടിച്ചുകൊണ്ട് തീയുടെയും പുകയുടെയും ഇടയിലൂടെ പുറത്തേക്കോടുകയായിരുന്നു.ഓർത്തെടുക്കാൻ ആഗ്രഹമില്ലാത്ത ആ ദിനം ഇരുവരും അതിജീവിച്ചെങ്കിലും മനീഷയുടെ കൈകളിലും മുഖത്തുമായി 25 ശതമാനവും ധ്യാൻശിന്‍റെ മുഖത്തും കൈകളിലും നെഞ്ചിലും വയറിലുമായി 36 ശതമാനവും പൊള്ളലേറ്റു.അപകടത്തില്‍നിന്നു രക്ഷപ്പെട്ടതിനുശേഷം ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്‍റെ ആരോഗ്യം വീണ്ടെടുക്കുന്നത് സങ്കീർണമായ പ്രക്രിയയാണെന്ന് ഡോക്‌ടർമാർ പറഞ്ഞു.മുറിവുകള്‍ ഭേദമാകാൻ ചർമം മാറ്റിവയ്ക്കല്‍ ചികിത്സ നിർണായക ആവശ്യമായി മാറിയപ്പോള്‍ അമ്മതന്നെ തന്‍റെ ചർമം കുഞ്ഞിനു നല്‍കാമെന്നറിയിച്ചു. അങ്ങനെ കുഞ്ഞിനു തന്‍റെ ചർമം നല്‍കിയതിലൂടെ അക്ഷരാർഥത്തില്‍ മനീഷ ഒരിക്കല്‍കൂടി ധ്യാൻശിനു കവചമായി മാറുകയായിരുന്നു