ചെന്നൈ| ചെന്നൈയിലും ഇംഫാലിലും ലഹരി വേട്ട നടത്തി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി). പിടികൂടിയത് 75 കോടി രൂപ വില മതിക്കുന്ന ലഹരി വസ്തുക്കളാണെന്ന് എന്‍ സി ബി അറിയിച്ചു. സംഭവത്തില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ 8 പേര്‍ പിടിയിലായി. 15.8 കിലോ മെത്താഫെറ്റാമൈന്‍ ആണ് എന്‍സിബി പിടിച്ചെടുത്തത്.
മ്യാന്‍മറിലെ തമുവില്‍ നിന്ന് മണിപ്പൂര്‍, ഗുവാഹത്തി, ചെന്നൈ വഴി ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു സംഘത്തിന്റെ നീക്കം. ചായ പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ചെന്നൈയില്‍ എത്തിച്ചതെന്ന് എന്‍സിബി വ്യക്തമാക്കി.
ഡിസംബര്‍ 21നാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് നടക്കുന്നത്. അന്ന് 4.8 കിലോ മെത്താഫെറ്റാമൈനുമായി 4 പേരാണ് പിടിയിലായത്. ചെന്നൈ സ്വദേശികളായ ചിന്താമണി, വീര ശെല്‍വം, ശരവണന്‍, ജോസഫ് പോള്‍ എന്നിവരാണ് അറസ്റ്റിലായത്. ശേഷം നടത്തിയ സംയുക്ത ഡ്രൈവിലാണ് ഇംഫാലിലെ മൊറയില്‍ വെച്ച് 11 കിലോ മെത്താഫെറ്റാമൈനുമായി ഇപ്പോള്‍ നാല് പേരെ കൂടി പിടികൂടുന്നത്. കലൈമണി, രവി, റീന, റോഷന്‍കുമാര്‍ എന്നിവരാണ് പിടിയിലായത്. മൊത്തം 15.8 കിലോ മെത്താഫെറ്റാമൈന്‍ പിടികൂടിയിട്ടുണ്ട്.