ചെന്നൈ: അരിക്കൊമ്ബൻ ചരിഞ്ഞതായി സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. ഇതിന് പിന്നാലെ വിശദീകരണവുമായി തമിഴ്നാട് വനംവകുപ്പ് രംഗത്തെത്തി. കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തില്‍ കഴിയുന്ന അരിക്കൊമ്ബൻ ആരോഗ്യവാനാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വ്യാജമാണെന്നും വനംവകുപ്പ് വ്യക്തമാക്കി.
അരിക്കൊമ്ബനെ മുണ്ടന്തുറൈയില് വിട്ടതിന് ശേഷം നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ആനയുടെ വിവരങ്ങള്‍ കളക്കാട്-മുണ്ടത്തുറൈ ടൈഗർ റിസർവ് ഫീല്‍ഡ് ഡയറക്ടറെ അപ്പപ്പോള്‍ അറിയിക്കുന്നുമുണ്ട്.
പുതിയ സ്ഥലത്തെത്തിച്ച് എട്ട് മാസം പിന്നിടുമ്ബോള്‍ അരിക്കൊമ്ബൻ ആരോഗ്യവാനാണ്. അപ്പർ കോതയാർ അണക്കെട്ടിന് പരിസരത്താണ് ആനയിപ്പോള്‍ കഴിയുന്നത്. നല്ല നിലയില്‍ തീറ്റയെടുക്കുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളിലേക്കോ കൃഷിയിടങ്ങളിലേക്കോ വരുന്ന പ്രവണത പിന്നീടൊരിക്കലും കാട്ടിയിട്ടില്ല. ആനയുടെ സഞ്ചാരവഴികള്‍ റേഡിയോ കോളർ വഴി തത്സമയം നിരീക്ഷിക്കുന്നുണ്ട്. ജനുവരി 28ന് മുതുകുഴിവയല്‍ ഭാഗത്ത് ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടറും കേന്ദ്ര സുരക്ഷാ സംഘവും ആനയെ നേരിട്ട് കണ്ടിരുന്നുവെന്നും തമിഴ്നാട് വനംവകുപ്പ് വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ കനത്ത നാശംവിതച്ച അരിക്കൊമ്ബനെ കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേരള വനംവകുപ്പ് പിടികൂടിയത്. ആനയെ പെരിയാർ ടൈഗർ റിസർവില്‍ തുറന്നുവിടുകയായിരുന്നു. എന്നാല്‍, മേയ് മാസത്തില്‍ അരിക്കൊമ്ബൻ തമിഴ്നാട് കമ്ബം ടൗണിലിറങ്ങി ഭീതിപരത്തിയിരുന്നു. തുടർന്ന്, വീണ്ടും മയക്കുവെടിവെച്ച് പിടികൂടിയ ശേഷമാണ് തിരുനെല്‍വേലി കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലേക്ക് മാറ്റിയത്.