Home Featured മഞ്ഞുമ്മല്‍ എഫക്ട്;’ഗുണ’ റീ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി തമിഴ് പ്രേക്ഷകര്‍

മഞ്ഞുമ്മല്‍ എഫക്ട്;’ഗുണ’ റീ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി തമിഴ് പ്രേക്ഷകര്‍

by admin

കമല്‍ഹാസന്റെ ഗുണ എന്ന ചിത്രം റീ റിലീസ് ചെയ്യണമെന്ന് നിരന്തരം ആവശ്യമുന്നയിക്കുകയാണ് തമിഴ് പ്രേക്ഷകർ ഇപ്പോള്‍. അതിനിടയാക്കിയതാകട്ടെ മലയാളികളുടെ സ്വന്തം മഞ്ഞുമ്മല്‍ ബോയ്സും.

ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന കമല്‍ഹാസന്‍റെ ഹിറ്റ് ചിത്രം ഗുണയിലെ ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന പാട്ടും പശ്ചാത്തലമായ ഗുണ കേവും കണ്ടതോടെയാണ് ഗുണ ബിഗ് സ്ക്രീനില്‍ വീണ്ടും കാണണമെന്ന ആഗ്രഹം തമിഴ് ആരാധകരുടെ മനസിലുദിച്ചത്. സോഷ്യല്‍മീഡിയയിലൂടെ ചിത്രത്തിന്‍റെ റിറീലിസ് വേണമെന്ന ക്യാമ്ബയിന്‍ ആരംഭിച്ചിരിക്കുകയാണ് ആരാധകര്‍.

‘1991ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ച ചിത്രമായിരുന്നു ഗുണ. മഞ്ഞുമ്മേല്‍ ബോയ്‌സിന്റെ വിജയം ഗുണയെക്കുറിച്ചുള്ള ഗൃഹാതുര സ്മരണകളെ വീണ്ടുമുണര്‍ത്തി. ഗുണ വീണ്ടും റിലീസ് ചെയ്യാന്‍ ഇതാണ് ശരിയായ സമയമെന്ന് ആരാധകർ കരുതുന്നു.

ഗുണ റിലീസ് ചെയ്തിട്ട് 23 വര്‍ഷം കഴിഞ്ഞിരിക്കുന്നു. പുതുതലമുറയിലുള്ളവര്‍ പോലും മഞ്ഞുമ്മല്‍ ബോയ്സിലൂടെയുള്ള ഗുണക്കു വേണ്ടിയുള്ള ട്രിബ്യൂട്ട് ആഘോഷിക്കുകയും ചിത്രം കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഇപ്പോള്‍, തമിഴ്‌നാട്ടിലെ യുവാക്കള്‍ക്ക് ലോകസിനിമയെക്കുറിച്ച്‌ കൂടുതല്‍ അവബോധമുള്ളതിനാല്‍, അവർ ഗുണയെ കൂടുതല്‍ അഭിനന്ദിക്കുന്നു” ട്രേഡ് അനലിസ്റ്റായ രമേശ് ബാല പറയുന്നു.

1991 നവംബര്‍ 5നാണ് ഗുണ തിയറ്ററുകളിലെത്തിയത്. മണിരത്നത്തിന്‍റെ ക്ലാസിക് ചിത്രം ദളപതിയോടൊപ്പം ദീപാവലി റിലീസായാണ് ചിത്രം എത്തിയത്. സന്താനഭാരതിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം മികച്ച നിരൂപക പ്രശംസ നേടിയെങ്കിലും ബോക്സോഫീസില്‍ തിളങ്ങിയില്ല. റിലീസ് സമയത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് ഗുണ കമലിന്‍റെ മികച്ച ചിത്രങ്ങളിലായി വാഴ്‌ത്തപ്പെട്ടു.

വാലിയുടെ പ്രണയം തുളുമ്ബുന്ന വരികളും മാസ്ട്രോ ഇളയരാജയുടെ ഈണവും ചേര്‍ന്ന ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന പാട്ടിലായിരുന്നു ചിത്രത്തിന്‍റെ ആത്മാവ്. എസ്.ജാനകിയും കമല്‍ഹാസനും ചേര്‍ന്ന് പാടിയ പാട്ട് ഇപ്പോഴും കാലങ്ങള്‍ കടന്ന് ഒഴുകിക്കൊണ്ടിരിക്കുന്നു.

പ്രണയത്തിന്‍റെ കണ്‍മണി മഞ്ഞുമ്മല്‍ ബോയ്സിലെത്തിയപ്പോള്‍ സൗഹൃദത്തിന്‍റെ കണ്‍മണി ആയി മാറി. കണ്‍മണി എന്ന പാട്ടില്ലെങ്കില്‍ മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമ ഉണ്ടാകുമായിരുന്നില്ലെന്നാണ് ചിത്രത്തിലെ അഭിനേതാക്കളിലൊരാളായ ഗണപതി പറഞ്ഞത്.

പറവ ഫലിംസിന് വേണ്ടി ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവർ ചേർന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് നിർമിച്ചത്. ഒരു കൂട്ടം സുഹൃത്തുക്കളുടെ കൊടൈക്കനാല്‍ യാത്രയും ഗുണ ഗുഹയ്‌ക്കുള്ളില്‍ ഒരാള്‍ കുടുങ്ങിപ്പോകുന്നതും തുടർന്നുള്ള അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാല്‍ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്ബോല്‍, ഖാലിദ് റഹ്‌മാൻ, അരുണ്‍ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

അതേസമയം തമിഴ്നാട്ടിലും തരംഗമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. കഴിഞ്ഞ ഞായറാഴ്ച മാത്രം 4.82 കോടി രൂപയാണ് തമിഴകത്ത് നിന്നും മഞ്ഞുമ്മല്‍ ബോയ്സ് നേടിയത്. ഇതാദ്യമായാണ് ഒരു മലയാള സിനിമ തമിഴകത്ത് ഒരൊറ്റ ദിവസം കൊണ്ട് 4 കോടിയിലേറെ രൂപ വാരിക്കൂട്ടുന്നത്. 10 കോടിയിലധികം രൂപയാണ് തമിഴ്നാട്ടില്‍ നിന്നുള്ള ഇതുവരെയുള്ള കലക്ഷന്‍.

You may also like

error: Content is protected !!
Join Our WhatsApp Group