ദില്ലി: കഫ് സിറപ്പിന്‍റെ വില്‍പനയില്‍ കടുത്ത നിയന്ത്രണത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡ്രഗ്സ് റൂള്‍സിലെ ഷെഡ്യൂള്‍ കെ ലിസ്റ്റില്‍ നിന്നും സിറപ്പ് രൂപത്തിലുള്ള മരുന്നുകള്‍ നീക്കം ചെയ്യും.ഇതിനായി കരട് വിജ്ഞാപനം ഇറക്കി. 30 ദിവസത്തിനകം അഭിപ്രായങ്ങള്‍ അറിയിക്കാം. നീക്കം ചെയ്താല്‍ ടാബ്‍ലെറ്റുകള്‍ വില്‍ക്കുംപോലെ എളുപ്പത്തില്‍ സിറപ്പുകള്‍ വില്‍ക്കാനാകില്ല. കർശന നിയമങ്ങള്‍ നിർമ്മാണത്തിലും പാലിക്കണം. വിഷാംശമടങ്ങിയ കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശില്‍ 20ലേറെ കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് നടപടി. തമിഴ്നാട്ടിലെ ശ്രേഷൻ ഫാർമയെന്ന തട്ടിക്കൂട്ട് കമ്ബനി നിർമ്മിച്ച കഫ് സിറപ്പാണിതെന്ന് കണ്ടെത്തിയിരുന്നു.
തമിഴ്നാട്ടില്‍ ലബോറട്ടറികളിലെ പരിശോധനകളില്‍ ഉയർന്ന വിഷാംശമുള്ള രാസവസ്തുവായ ഡൈ എഥിലിൻ ഗ്ലൈക്കോളിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും മരണങ്ങള്‍ക്ക് പിന്നാലെ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രേശൻ ഫാർമസ്യൂട്ടിക്കലിന്‍റെ കോള്‍ഡ്രിഫ് കഫ് സിറപ്പിന്‍റെ നിർമ്മാണം നിരോധിച്ചിട്ടുണ്ട്. കോള്‍ഡ്രിഫ് കഫ് സിറപ്പ് മാർക്കറ്റില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. രണ്ട് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ചുമയ്ക്കും ജലദോഷത്തിനും കഫ് സിറപ്പുകള്‍ നല്‍കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നല്‍കിയിട്ടുണ്ട്.കുട്ടികള്‍ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നേരത്തെ നിർദേശം നല്‍കിയിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് എല്ലാ സംസ്ഥാന ഡ്രഗ് കണ്‍ട്രോളർമാർക്കും കത്തയച്ചത്. മരുന്ന് നിർമാണത്തിനായുള്ള അസംസ്കൃത വസ്തുക്കളും സംയുക്തങ്ങളും പരിശോധിക്കണം. ഓരോ ബാച്ച് മരുന്ന് ബാച്ചും അംഗീകൃത ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇതിന്റെ രജിസ്റ്റർ സൂക്ഷിക്കണമെന്നുമാണ് കേന്ദ്രത്തിന്‍റെ നിർദേശം. സംസ്ഥാനത്തെ ഡ്രഗ് കണ്‍ട്രോളർമാർ ഇത് ഉറപ്പാക്കണമെന്നും ബോധവല്‍ക്കരണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കത്തില്‍ പറയുന്നു.