ബെംഗളൂരു:പിതാവിനൊപ്പം സ്‌കൂട്ടറില്‍ പോയ യുവതി തടാകത്തില്‍ വീണു മരിച്ച സംഭവത്തില്‍ ദുരൂഹത അകലുന്നില്ല. ബെംഗളുരുവിലെ കുഡ്ലു ഗേറ്റില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സഹാന (20)യുടെ മരണം ദുരഭിമാനക്കൊലയെന്നാരോപിച്ച് കാമുകൻ രംഗത്തെത്തിയിരുന്നു.തങ്ങളുടെ പ്രണയം അറിഞ്ഞ യുവതിയുടെ പിതാവ് സ്വന്തം മകളെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് യുവതിയുടെ കാമുകൻ നിധിൻ ആരോപിച്ചിരുന്നത്. എന്നാല്‍, പിതാവ് യുവതിയെ കൊലപ്പെടുത്തിയത് സംബന്ധിച്ച യാതൊരു തെളിവുകളും ഇതുവരെയും ലഭിക്കാത്തതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്.
ഈ മാസം പന്ത്രണ്ടാം തീയതിയാണ് സഹാന യും പിതാവും ഹുസ്‌കുർ തടാകത്തില്‍ വീണത്. രാമമൂർത്തിയും മകളും സ്കൂട്ടറില്‍ സഞ്ചരിക്കവെ തടാകത്തില്‍ വീഴുകയായിരുന്നു. യുവതിയുടെ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെയാണ് അപകടം നടന്നത്. യുവതി മരിക്കുകയും പിതാവ് രക്ഷപെടുകയും ചെയ്തതോടെയാണ് സഹാനയുടെ കാമുകൻ ഗുരുതര ആരോപണം ഉയർത്തി രംഗത്തെത്തിയത്.ഹാനയുടെ മരണം ദുരഭിമാനക്കൊലയാണെന്ന് നിധിൻ ആരോപിക്കുന്നു. ഇരുവരും ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ജാതി വ്യത്യസ്തമായതിനാല്‍ സഹാനയുടെ വീട്ടുകാർ ഈ ബന്ധം അംഗീകരിച്ചിരുന്നില്ല. കുറുബ സമുദായാംഗമാണ് സഹാന.
നിതിൻ, നായിഡു ജാതിയില്‍പ്പെട്ടയാളാണ്. പൊതുസുഹൃത്തുക്കള്‍ വഴിയാണ് അഹാനയും നിധിനും പരിചയപ്പെടുന്നതെന്ന് ഇരുവരുടേയും സുഹൃത്ത് മദൻകുമാർ പറയുന്നു. തുടർന്ന് കഴിഞ്ഞ 18 മാസമായി ഇരുവരും പ്രണയത്തിലായിരുന്നു.ഇതിനിടെ ബന്ധുവായ ഒരു യുവാവുമായി സഹാനയുടെ വിവാഹം തീരുമാനിക്കുകയും ചെയ്തു. പക്ഷേ സഹാന തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. തുടർന്ന് കുടുംബാംഗങ്ങള്‍ സഹാനയുമായി വീണ്ടും സംസാരിച്ചു. ബന്ധുവായ യുവാവിനെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു. അപ്പോഴും നിധിനെ മാത്രമേ വിവാഹം ചെയ്യൂ എന്ന തീരുമാനം സഹാന മാറ്റിയില്ല. തുടർന്ന് അച്ഛൻ രാമമൂർത്തി തീരുമാനമെടുക്കാൻ സഹാനയ്ക്ക് രണ്ട് ദിവസം കൂടി അനുവദിക്കുകയും ചെയ്തിരുന്നു.
ഈ ചർച്ചകള്‍ക്കുശേഷം അച്ഛനോടൊപ്പം വീട്ടിലേക്ക് പോകുന്നതിനിടയിലാണ് സഹാന മരിക്കുന്നത്. രാമമൂർത്തിയും സഹാനയും തടാകത്തിലേക്ക് വീഴുകയും രാമമൂർത്തി രക്ഷപ്പെടുകയും ചെയ്തു. ഈ കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് നിധിൻ സഹാനയുടെ കുടുംബത്തിനെതിരെ രംഗത്തെത്തിയത്. സഹാനയെ അച്ഛൻ മന:പൂർവ്വം തടാകത്തിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും നിധിൻ ആരോപിക്കുന്നു.
പ്രണബന്ധത്തെ കുറിച്ച് അറിഞ്ഞശേഷം ഉറക്കം നഷ്ടപ്പെട്ടെന്നും ഇതുമൂലം വാഹനം ശരിയായി ഓടിക്കാൻ കഴിയാതെ അപകടം സംഭവിക്കുകയായിരുന്നു എന്നുമാണ് രാമമൂർത്തി പോലീസിനെ അറിയിച്ചത്. നീന്തല്‍ അറിയുന്നതിനാല്‍ താൻ രക്ഷപ്പെട്ടുവെന്നും മകളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.