കോഴിക്കോട്: ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. രണ്ട് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇആര്‍ഒ), ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യാനാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍ദ്ദേശം നല്‍കിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കും.
നിലവില്‍ വോട്ടര്‍ ഐഡി കാര്‍ഡുള്ള ബേപ്പൂര്‍ സ്വദേശിയായ ഷാഹിര്‍ ഷാഹുല്‍ ഹമീദ് എന്നയാളാണ് രണ്ട് തവണ കൂടി അപേക്ഷ സമര്‍പ്പിക്കുകയും വോട്ടര്‍ ഐഡി കാര്‍ഡ് കൈപ്പറ്റുകയും ചെയ്തത്. ആദ്യതവണ ആധാറും രണ്ടാം തവണ പാസ്പോര്‍ട്ടും ആണ് അപേക്ഷയ്ക്കൊപ്പമുള്ള തിരിച്ചറിയല്‍ രേഖയായി ഇയാള്‍ സമര്‍പ്പിച്ചത്.
വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് അപേക്ഷയിലെ സത്യപ്രസ്താവനയിലും രേഖപ്പെടുത്തിയിരുന്നു. ഇത് പരിശോധിച്ച് അംഗീകരിക്കാവുന്നതാണെന്ന് ശുപാര്‍ശ ചെയ്ത ബൂത്ത് ലെവല്‍ ഓഫീസറെയും ഇലക്ടറല്‍ രജിസ്റ്റര്‍ ഓഫീസറെയുമാണ് ജന പ്രാതിനിധ്യ നിയമം 1950ലെ വ്യവസ്ഥകള്‍ പ്രകാരം സസ്പെന്‍ഡ് ചെയ്തത്.
ജന പ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 32 പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. മൂന്നുമാസം മുതല്‍ 2 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. വോട്ടര്‍ ഐഡി കാര്‍ഡ് കൈവശപ്പെടുത്തിയ ആള്‍ക്കെതിരെ ജന പ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കേസെടുക്കും. ഒരു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കോഴിക്കോട് കളക്ടര്‍ക്കും ഇത് സംബന്ധിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.