കോൺഗ്രസ് നേതാവും കർണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യക്കെതിരായ ഹർജിയിൽ വിശദീകരണം തേടി സുപ്രീം കോടതി. 2023ൽ വരുണ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ജസ്‌റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തുടർന്ന് കോടതി സിദ്ധരാമയ്യയുടെ പ്രതികരണം തേടി നോട്ടീസ് അയച്ചു.വരുണ മണ്ഡലത്തിൽ നിന്ന് 2023ൽ തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്‌ത് കെ. ശങ്കര എന്നയാളാണ് അടുത്തിടെ കോടതിക്ക് മുൻപാകെ ഹർജി സമർപ്പിച്ചത്. ജനപ്രാതിനിധ്യ (ആർപി) നിയമത്തിലെ സെക്ഷൻ 100 ലെ നിരവധി വ്യവസ്ഥകൾ പ്രകാരമ സിദ്ധരാമയ്യയുടെ വിജയം അസാധുവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് തെരഞ്ഞെടുപ്പ് ജയം അസാധുവാണെന്ന് പ്രഖ്യാപിക്കാൻ നിർദേശം നൽകണമെന്ന് അദ്ദേഹം ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
ഹർജിയിൽ ഗൃഹ ജ്യോതി (എല്ലാ വീടുകൾക്കും സൗജന്യ വൈദ്യുതി), ഗൃഹ ലക്ഷ്‌മി (സ്‌ത്രീകൾക്ക് പ്രതിമാസം 2,000 രൂപ), അന്ന ഭാഗ്യ (ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങളിലെയും ഓരോ അംഗത്തിനും പ്രതിമാസം പത്ത് കിലോ ഭക്ഷ്യ ധാന്യം), യുവ നിധി (തൊഴിൽ ഇല്ലാത്ത ബിരുദധാരികൾക്ക് രണ്ട് വർഷത്തേയ്‌ക്ക് പ്രതിമാസം 3,000 രൂപ), ശക്തി (സംസ്ഥാനത്തുള്ള എല്ലാ സ്‌ത്രീകൾക്കും കെഎസ്‌ആർടിസി/ ബിഎംടിസി ബസുകളിൽ സൗജന്യ യാത്ര) എന്നീ പദ്ധതികൾ ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ആർപി ആക്‌ടിലെ സെക്ഷൻ 123 (2) പ്രകാരം കൈക്കൂലിയും പൊള്ളയായ വാഗ്‌ദാനങ്ങള്‍ നല്‍കിയെന്നും വിശദീകരിച്ചിരിക്കുന്നത്.ഹൈക്കോടതിയിൽ ഹർജിക്കാരനായ കെ ശങ്കര എന്നയാൾ വരുണയിൽ നിന്നുള്ള വോട്ടറാണെന്നും കൂടനഹള്ളിയിലെ സോമേശ്വരപുരയിൽ നിന്നുള്ള ഗ്രാമപഞ്ചായത്ത് അംഗമായി സേവനമനുഷ്‌ഠിച്ചിരുന്നു എന്നും കോടതിയിൽ അവകാശപ്പെട്ടിരുന്നു.എന്നാൽ അഴിമതി നടത്തിയെന്ന ആരോപണങ്ങൾ തെളിയിക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടുവെന്ന് സിദ്ധരാമയ്യയുടെ അഭിഭാഷകൻ വാദിച്ചു. ആരോപണങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.2023 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മൈസൂരിലെ വരുണ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയെ തെരഞ്ഞെടുത്തത്. എന്നാൽ ഇതിനെ ചോദ്യം ചെയ്‌ത് സമർപ്പിച്ച തെരഞ്ഞെടുപ്പ് ഹർജി ഈ വർഷം ആദ്യം കർണാടക ഹൈക്കോടതി തള്ളിയിരുന്നു. നടപടികളുടെ അഭാവം മൂലം ഹർജി തള്ളാൻ അർഹമാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.