ന്യൂഡല്‍ഹി: ചരിത്രത്തില്‍ തന്നെ ഏറ്റവും മോശമായ ഒരു ഹരജിയാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തിയത്.
യൂട്യൂബില്‍ അശ്ലീല ദൃശ്യം കണ്ടതിനെ തുടര്‍ന്ന് പരീക്ഷക്ക് തോറ്റുപോയെന്നും ജോലി കിട്ടിയില്ലെന്നും 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കാണിച്ചാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. മധ്യപ്രദേശില്‍ നിന്നുള്ള എ.കെ. ചൗധരിയാണ് ഹരജിക്കാരന്. ഹരജി കണ്ട് കണ്ണുതള്ളിയ ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗളും അഭയ് എസ്. ഓക്കയും ഇത്രയും മോശമായ ഒരു ഹരജി സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു. ഹരജിക്കാരന് ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട് കോടതി.
ഗൂഗ്ള്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് ചൗധരി സുപ്രീംകോടതിയെ സമീപിച്ചത്. ഗൂഗ്ളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിലാണ് അശ്ലീല ദൃശ്യം കണ്ടതെന്നും ഇതുമൂലം മധ്യപ്രദേശ് പൊലീസ് റിക്രൂട്ട്മെന്റ് പരീക്ഷ പാസാകാന്‍ കഴിഞ്ഞില്ല എന്നുമാണ് പരാതി. സമൂഹമാധ്യമങ്ങള്‍ വഴി അശ്ലീലം പ്രചരിപ്പിക്കുന്നത് തടയണമെന്നും പരാതിക്കാരന് ആവശ്യപ്പെടുന്നുണ്ട്.
‘നിങ്ങള്‍ക്ക് പരസ്യം കാണാന്‍ താല്പര്യമില്ലെങ്കില് അത് ഒഴിവാക്കുക’ -എന്നാണ് ജസ്റ്റിസ് കൗള്‍ ഹരജിക്കാരനോട് പറഞ്ഞത്. ‘നിങ്ങള്‍ക്ക് എന്തിനാണ് നഷ്ടപരിഹാരം നല്‍കേണ്ടത്? നിങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചതിനോ? അതോ ഇന്റര്‍നെറ്റ് ഉപയോഗിച്ചതു മൂലം നിങ്ങള്‍ പരീക്ഷയില്‍ പരാജയപ്പെട്ടതിനോ? എന്നും അദ്ദേഹം ചോദിച്ചു.
അശ്ലീലം നിറഞ്ഞ പരസ്യം നിങ്ങളുടെ ശ്രദ്ധ തെറ്റിച്ചുവെന്നതിന് നഷ്ടപരിഹാരം വേണമെന്നാണ് നിങ്ങളുടെ ആവശ്യം. നിങ്ങളുടെ സ്വഭാവദൂഷ്യം കാരണം കോടതിയുടെ സമയം മെനക്കെടുത്തിയതിന് ഒരു ലക്ഷം രൂപ പിഴ നല്‍കണമെന്ന് ഉത്തരവിടുന്നു.-ജഡ്ജിമാര്‍ വിശദീകരിച്ചു.