ന്യൂഡല്‍ഹി: മഥുര ഷാഹി ഈദ് ഗാഹ് പള്ളി നിലനില്‍ക്കുന്ന സ്ഥലം കൃഷ്ണജന്മഭൂമിയായി പ്രഖ്യാപിക്കണമെന്നും പള്ളി പൊള്ളിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. അലഹബാദ് ഹൈകോടതി ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അഭിഭാഷകനായ മാഹേക് മഹേശ്വരിയാണ് ഹരജി നല്‍കിയത്. തര്‍ക്കപ്രദേശം ഹിന്ദുദൈവമായ കൃഷ്ണന്റെ ജന്മസ്ഥലമായി പ്രഖ്യാപിക്കണമെന്നും ഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കണമെന്നും കൃഷ്ണ ജന്മഭൂമി ജന്മസ്ഥാൻ പണിയുവാൻ അനുവദിക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
അലഹബാദ് ഹൈകോടതി ഉത്തരവിനെതിരെ സ്പെഷ്യല്‍ ലീവ് പെറ്റീഷനാണ് കോടതിയില്‍ നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് നിരവധി സിവില്‍ ഹരജികള്‍ കോടതിയുടെ പരിഗണനയിലുണ്ട്. ഈയൊരു സാഹചര്യത്തില്‍ പൊതുതാല്‍പര്യ ഹരജിയുടെ ആവശ്യമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
എന്നാല്‍, അലഹബാദ് ഹൈകോടതി തന്റെ കക്ഷിയുടെ ഹരജി മാത്രമാണ് തള്ളിയതെന്നും മഥുര ഈദ്ഗാഹുമായി ബന്ധപ്പെട്ട മറ്റ് അപേക്ഷകള്‍ അനുവദിച്ചിട്ടുണ്ടെന്നും മഹേശ്വരിയുടെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. പൊതുതാല്‍പര്യ ഹരജിയാണ് നിങ്ങള്‍ സമര്‍പ്പിച്ചത്. അതിനാലാണ് അത് നിരസിക്കപ്പെട്ടത്. ഇക്കാര്യത്തില്‍ മറ്റൊരു ഹരജി സമര്‍പ്പിക്കാവുന്നതാണെന്നും ജസ്റ്റിസ് ഖന്ന വ്യക്തമാക്കി.