Home ചെന്നൈ ഹൈക്കോടതിയുടെ ഇരട്ടവിധിയെ ചോദ്യംചെയ്ത് സുപ്രീംകോടതി

ഹൈക്കോടതിയുടെ ഇരട്ടവിധിയെ ചോദ്യംചെയ്ത് സുപ്രീംകോടതി

by admin

ചെന്നൈ: കരൂർ ദുരന്തം കൈകാര്യംചെയ്യുന്നതിൽ മദ്രാസ് ഹൈക്കോടതിയുടെ നടപടികളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഹൈക്കോടതിയുടെ നടപടികളിൽ ‘എന്തോ കുഴപ്പമുണ്ട്’ എന്നായിരുന്നു സുപ്രീം കോടതി വിശേഷിപ്പിച്ചത്.ഹൈക്കോടതി രജിസ്ട്രാർ ജനറൽ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചശേഷമാണ് ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റീസ് വിജയ് ബിഷ്ണോയ് എന്നിവരുടെ ബെഞ്ചിന്റെ പരാമർശം. രജിസ്ട്രാർ ജനറൽ സമർപ്പിച്ച റിപ്പോർട്ട് കക്ഷികൾക്കുനൽകി പ്രതികരണങ്ങൾ ആരായാനും ആവശ്യപ്പെട്ടു.മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ അധികാരപരിധിയിൽവരുന്ന കരൂർ സംഭവം ചെന്നൈ ബെഞ്ച് എങ്ങനെ കൈകാര്യം ചെയ്തുവെന്ന് സുപ്രീംകോടതി ചോദിച്ചു. ‘ഹൈക്കോടതിയിൽ എന്തോ തെറ്റായി നടക്കുന്നുണ്ട്. ഇതൊരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്’- സുപ്രീംകോടതി അഭിപ്രായപ്പെട്ടു.ഹൈക്കോടതി പുറപ്പെടുവിച്ച ഇരട്ടവിധിയെയും സുപ്രീം കോടതി ചോദ്യംചെയ്തു. ഇത് എങ്ങനെ സംഭവിച്ചുവെന്നതിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാനും രജിസ്ട്രാർ ജനറലിനോട് ആവശ്യപ്പെട്ടു.

മധുര ബെഞ്ച് സിബിഐ അന്വേഷണം തള്ളിയപ്പോൾ ചെന്നൈ ബെഞ്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.രണ്ടുവിധികളും തമ്മിൽ ഒത്തുപോകാത്തത് എന്തുകൊണ്ടാണെന്നാണ് സുപ്രീം കോടതി ഹൈക്കോടതിയോട് ചോദിച്ചത്. തമിഴ്നാടിനുവേണ്ടി ഹാജരായ അഭിഭാഷകൻ പി. വിൽസൺ സുപ്രീം കോടതി മുൻ ജഡ്ജി അജയ് റസ്‌തോഗിയുടെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് നിർദേശിച്ച മുൻ ഉത്തരവിലെ ഒരു ഭാഗം പരിഷ്കരിക്കണമെന്ന് വാക്കാൽ ആവശ്യപ്പെട്ടുവെങ്കിലും കോടതി നിരസിച്ചു.തമിഴ്നാട് കേഡറിൽനിന്ന് സംസ്ഥാന സ്വദേശികളല്ലാത്ത രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ജസ്റ്റിസ് റസ്‌തോഗി തിരഞ്ഞെടുക്കണമെന്ന് ഉത്തരവിലുണ്ടായിരുന്നത്. ഇതു പുനഃപരിശോധിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. കേസിന്റെ രാഷ്ട്രീയ പശ്ചാത്തലവും സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനകളും അന്വേഷണത്തിന്റെ നിഷ്പക്ഷതയെ സംശയിക്കുന്നുണ്ടെന്ന് സുപ്രീം കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിക്കുകയും 60-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group