അശ്ലീല പരാമര്‍ശത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ എടുത്ത കേസുകള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന രണ്‍ബീര്‍ അല്ലാബാഡിയയുടെ ഹര്‍ജിയില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി.എന്തുതരം പരാമര്‍ശമാണ് നടത്തിയത് എന്ന് കോടതി ചോദിച്ചു. അപലപനീയമായ പെരുമാറ്റം എന്നാണ് കോടതി നിരീക്ഷിച്ചത്. മാതാപിതാക്കളെ അപമാനിച്ചു. മനസിലെ വൃത്തികേടാണ് യൂട്യൂബ് ചാനലില്‍ ഛര്‍ദിച്ചുവച്ചത്. എന്തിന് അനൂകൂല തീരുമാനം എടുക്കണമെന്നും കോടതി ചോദിച്ചു.ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുതെന്നും മൂഹത്തെ നിസാരമായി കാണരുതെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹം മുഴുവന്‍ നാണക്കേട് അനുഭവിച്ചു. തനിക്ക് വധഭീഷണിയുണ്ടെന്ന് രണ്‍ബീര്‍ കോടതിയെ അറിയിച്ചു. വധഭീഷണിയുണ്ടെങ്കില്‍ അതില്‍ പരാതി നല്‍കൂ എന്നും കോടതി നിര്‍ദേശിച്ചു.അല്ലാബാഡിയയെ അറസ്റ്റ് ചെയ്യുന്നത് കോടതി താല്‍ക്കാലികമായി തടഞ്ഞു. അസം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെടുത്ത കേസുകളിലാണ് നടപടി. പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ കേസുകള്‍ എടുക്കുന്നതും കോടതി തടഞ്ഞു.
അതേ സമയം, രണ്‍വീറിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിട്ടുണ്ട്. രണ്‍വീർ അല്ലാബാഡിയയ്‌ക്കെതിരെ കൂടുതല്‍ കേസുകള്‍ ഫയല്‍ ചെയ്യാൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടാൻ കഴിയില്ലെന്നും പാസ്‌പോർട്ട് പൊലീസ് സ്റ്റേഷനില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.പ്രമുഖ യൂട്യൂബ് ഷോ ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റി’ലെ രണ്‍വീറിന്റെ പരാമര്‍ശത്തിനെതിരെയാണ് കേസ്. പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ ചോദിച്ച ചോദ്യം വിവാദമായതോടെയാണ് കേസെടുത്തത്. മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യം.
സംഭവത്തില്‍ മുംബൈ സ്വദേശികളായ രണ്ട് അഭിഭാഷകരാണ് പൊലീസില്‍ പരാതി നല്‍കിയത്.സംഭവം വിവാദമായി മാറിയതോടെ രണ്‍വീര്‍ മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. തന്റെ ഭാഗത്തു നിന്നുണ്ടായത് മോശം പരാമര്‍ശമായിരുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നുമാണ് രണ്‍വീര്‍ പറഞ്ഞത്. ഒരു കോടിയലധികം ഫോളോവേഴ്സുള്ള താരമാണ് ബിയര്‍ബൈസെപ്സ് എന്ന രണ്‍വീര്‍ അല്‍ഹബാദിയ.