പാക്കറ്റ് ഭക്ഷണത്തിന്റെ ലേബലിങ്ങില്‍ വിമർശനവുമായി സുപ്രിംകോടതി. ഭക്ഷണ പാക്കറ്റിന്റെ പുറത്ത് ഭക്ഷണത്തെ പറ്റിയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഭേദഗതി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങളില്‍ നിര്‍ബന്ധമാക്കാന്‍ സുപ്രിംകോടതി കേന്ദ്രത്തിന് മൂന്ന് മാസത്തെ സമയപരിധി നല്‍കി.പൊതുതാത്പര്യ ഹരജിയിലാണ് ജസ്റ്റിസ് ജെ.ബി പരാഡിവാല, ജസ്റ്റിസ് ആര്‍. മഹാദേവ് അടങ്ങുന്ന ബെഞ്ചിന്റെ പരാമർശം.ഭക്ഷണ പാക്കറ്റിന്റെ പുറത്ത് പഞ്ചസാര, ഉപ്പ്, കൊഴുപ്പ്, മറ്റ് ചേരുവകള്‍ എന്നിവയുടെ അളവ് പ്രദർശിപ്പിക്കണമെന്നും അതനുസരിച്ച് ഒരു ലേബല്‍ പ്രദർശിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്‍പര്യ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി.
അഭിഭാഷകനായ രാജീവ് എസ്. ദ്വിവേദിയാണ് ഹരജി സമർപ്പിച്ചത്.കുർക്കുറെ പാക്കറ്റില്‍ എന്താണുള്ളത് എന്നതിനേക്കാള്‍ അതിനുള്ളില്‍ എന്താണെന്ന് അറിയാനാണ് കുട്ടികള്‍ക്ക് കൂടുതല്‍ താല്‍പ്പര്യമെന്ന് കോടതി പറഞ്ഞു. ‘നിങ്ങള്‍ക്കും പേരക്കുട്ടികളില്ലേ? ഹര്‍ജിയില്‍ ഉത്തരവ് വന്നാല്‍ കുര്‍കുറെയിലും മാഗിയിലും എന്താണ് അടങ്ങിയിട്ടുള്ളതെന്നും പാക്കറ്റുകളുടെ പുറത്ത് എന്തെല്ലാം രേഖപ്പെടുത്തണമെന്നും നിങ്ങള്‍ക്ക് വ്യക്തമാകും. നിലവില്‍ ഒരു വിവരങ്ങളും ഇവയുടെ പാക്കറ്റുകളില്‍ അടയാളപ്പെടുത്താറില്ലെന്ന്’ കോടതി വിമർശിച്ചു.
ഭക്ഷണ പാക്കറ്റിന്റെ പുറത്ത് അടയാളപ്പെടുത്തേണ്ട പോഷകാഹാരങ്ങളുടെ വിവരങ്ങള്‍ സംബന്ധിച്ച് 2024 ജൂണില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ചില നിര്‍ദേശങ്ങള്‍ അംഗീകരിച്ചതായി കേന്ദ്രം കോടതിയെ അറിയിച്ചു. കൊഴുപ്പ്, പഞ്ചസാര, ഉപ്പ് മറ്റ് ചേരുവകള്‍ എന്നിവയുടെ അളവ് വലിയ അക്ഷരങ്ങളില്‍ പാക്കറ്റിന്റെ പുറത്ത് രേഖപ്പെടുത്തണമെന്ന നിര്‍ദേശമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അംഗീകരിച്ചതായി കോടതിയെ അറിയിച്ചത്.വിവരങ്ങളില്‍ രേഖപ്പെടുത്തിക്കൊണ്ടുള്ള ലേബലിങ് സംബന്ധിച്ച് 14,000 അഭിപ്രായങ്ങള്‍ പൊതുജനത്തില്‍ നിന്ന് ലഭിച്ചതായി കേന്ദ്രം അറിയിച്ചു.
മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താന്‍ മൂന്ന് മാസം കാലാവധി നല്‍കി പൊതുതാത്പര്യ ഹരജി കോടതി തീർപ്പാക്കി. 2020ലെ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താനാണ് കേന്ദ്രത്തിന് സുപ്രിംകോടതി മൂന്ന് മാസത്തെ കാലാവധി നല്‍കിയത്.
ബിഗ്ബോസ്’ ഷോയില്‍ പങ്കെടുക്കുന്നതിനെക്കാള്‍ നല്ലത് മാനസികാശുപത്രിയില്‍ പോകുന്നത്; ക്ഷണം നിരസിച്ച് കുനാല്‍ കമ്ര
സല്‍മാൻ ഖാൻ നയിക്കുന്ന ബിഗ്ബോസ് റിയാലിറ്റി ഷോയിലേക്കുള്ള ക്ഷണം നിരസിച്ച് ഹാസ്യ താരം കുനാല്‍ കമ്ര. ‘ഷോയില്‍ പങ്കെടുക്കുന്നതിനെക്കാള്‍ നല്ലത് മാനസികാശുപത്രിയില്‍ പോകുന്നതാണ്’ എന്ന കുറിപ്പും അദ്ദേഹം സമൂഹമാധ്യത്തില്‍ പങ്കുവച്ചു.അതിനിടെ, കുനാല്‍ കമ്ര മുംബൈയില്‍ എത്തിയാല്‍ അദ്ദേഹത്തിനെക്കൊണ്ടു മറുപടി പറയിക്കുമെന്നു പ്രഖ്യാപിച്ച് ശിവസേനാ എംഎല്‍എ മുർജി പട്ടേല്‍ രംഗത്തെത്തി. മുർജി പട്ടേലിന്റെ പരാതിയിലാണ് മുംബൈയിലെ ഖാർ പൊലീസ് കുനാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്
.അതേസമയം, കുനാല്‍ കമ്രയുടെ വിഡിയോകള്‍ പങ്കുവയ്ക്കുകയോ പാരഡിഗാനം പാടുകയോ ചെയ്തതിന് ആർക്കെതിരെയും പ്രതികാര നടപടി എടുത്തിട്ടില്ലെന്ന് മഹാരാഷ്ട്ര സർക്കാർ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ കുനാലിനു സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഹർഷ്‌വർധൻ കണ്ടേക്കർ എന്ന നിയമവിദ്യാർഥി നല്‍കിയ പൊതുതാല്‍പര്യ ഹർജി കോടതി തള്ളി. വിഡിയോ ഷെയർ ചെയ്തതിന് ആർക്കുമെതിരെ നടപടി എടുക്കരുതെന്നും ഹർഷ്‌വർധൻ ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.