ന്യൂഡല്‍ഹി: അരിക്കൊമ്ബനുമായി ബന്ധപ്പെട്ട് എത്തുന്ന ഹര്‍ജികള്‍ കാരണം പൊറുതിമുട്ടിയെന്ന് സുപ്രീം കോടതി. ഈ വിഷയവുമായി ബന്ധപ്പെട്ട് എല്ലാ ആഴ്ച്ചയും ഓരോ ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെടുകയാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
അരിക്കൊമ്ബനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കുന്നതിനായി ഹൈക്കോടതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്തുകൊണ്ട് ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിച്ചുകൂടായെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു.
വാക്കിങ് ഐ ഫൗണ്ടേഷൻ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് ചീഫ് ജസ്റ്റിസ് ഈ വിഷയത്തില്‍ നിരന്തരം ഹര്‍ജികള്‍ ലഭിക്കുന്നതിലുള്ള അതൃപ്‌തി പ്രകടിപ്പിച്ചത്. അരിക്കൊമ്ബൻ വിഷയത്തില്‍ ഇന്നലെയും ഒരു ഹര്‍ജി തങ്ങളുടെ മുന്നില്‍ വന്നതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സംഘടനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ദീപക് പ്രകാശ് അരിക്കൊമ്ബൻ ജീവനോടെ ഉണ്ടോ എന്ന് പോലും വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടി. അതിനാല്‍ തമിഴ്നാട് സര്‍ക്കാറിനോട് ഇക്കാര്യം വ്യക്തമാക്കണമെന്ന് നിര്‍ദ്ദേശിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ആന ഇപ്പോള്‍ എവിടെയെന്ന് അറിയില്ല. അത് എപ്പോഴും സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഹര്‍ജി മദ്രാസ് ഹൈകോടതിയിലാണോ, കേരള ഹൈകോടതിയിലാണോ ഫയല്‍ ചെയ്യേണ്ടതെന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം വാദിച്ചു.
എന്നാല്‍ ആന എവിടെയെന്ന് മനസിലാക്കി ഹര്‍ജിയെവിടെ ഫയല്‍ ചെയ്യണമെന്ന് പറയേണ്ടത് തങ്ങളല്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പ്രതികരിച്ചു. ഇതിനുപിന്നാലെ സംഘടന തങ്ങളുടെ ഹര്‍ജി പിൻവലിച്ചു. ഭരണഘടനയുടെ 32 അനുച്ഛേദ പ്രകാരം ഫയല്‍ ചെയ്യുന്ന ഹര്‍ജികളോട് സുപ്രീം കോടതി സ്വീകരിക്കുന്ന സമീപനത്തെ അഭിഭാഷകൻ വിമര്‍ശിച്ചതാണ് പിഴയ്ക്ക് കാരണമായത്. 25000 രൂപ പിഴ ഇട്ടത് പിൻവലിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടുവെങ്കിലും തുറന്ന കോടതിയില്‍ അത് പിൻവലിക്കാൻ ബെഞ്ച് തയ്യാറായില്ല. ഉത്തരവിന്റെ പകര്‍പ്പ് ഇറങ്ങുമ്ബോള്‍ ഇക്കാര്യത്തത്തില്‍ വ്യക്തത ഉണ്ടാകും.