Home Featured എത്ര വലിയവാനായാലും നിമയത്തിന് മുകളിലല്ല, ജയിലില്‍ പ്രത്യേക പരിഗണനയും വേണ്ട; കൊലക്കേസില്‍ കന്നഡ നടന്‍ ദര്‍ശന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി

എത്ര വലിയവാനായാലും നിമയത്തിന് മുകളിലല്ല, ജയിലില്‍ പ്രത്യേക പരിഗണനയും വേണ്ട; കൊലക്കേസില്‍ കന്നഡ നടന്‍ ദര്‍ശന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി

by admin

ആരാധകന്‍ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ നടന്‍ ദര്‍ശന്‍ തുഗുദീപയുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി.കര്‍ണാടക ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. ദര്‍ശന് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ജെ.ബി.പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.ദര്‍ശന് ജാമ്യം നല്‍കിയ കര്‍ണാടക ഹൈക്കോടതിയുടെ നടപടി യാന്ത്രികമായ അധികാര വിനിയോഗമാണെന്ന് വ്യക്തമാണെന്നും നടന് ജാമ്യം നല്‍കുന്നത് വിചാരണയെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.

ജാമ്യത്തിലുള്ള നടന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും ജസ്റ്റിസ്. ആര്‍. മഹാദേവന്‍ നിരീക്ഷിച്ചു. നന്നായി പഠിച്ചുള്ള വിധിയാണ് ജസ്റ്റിസ് ആര്‍.മഹാദേവന്റെതെന്നും പ്രതി എത്ര വലിയവനായാലും ആരും നിയമത്തിനു മുകളിലല്ലെന്നുമുള്ള സന്ദേശം വിധി നല്‍കുന്നുവെന്നും ജസ്റ്റിസ് ജെ.ബി.പര്‍ദിവാല പറഞ്ഞു.നടന് ജാമ്യം നല്‍കിയതില്‍ സുപ്രീംകോടതി നേരത്തെയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഹൈക്കോടതി വിവേചനാധികാരം ഉപയോഗിച്ച രീതിയില്‍ തൃപ്തരല്ലെന്നാണ് നേരത്തേ സുപ്രീംകോടതി പറഞ്ഞത്.

ഹൈക്കോടതി ചെയ്ത തെറ്റ് ആവര്‍ത്തിക്കില്ലെന്നും ബെഞ്ച് പറഞ്ഞിരുന്നു. ദര്‍ശന് ജാമ്യം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയിലെ ഭാഷ അവരെ കുറ്റവിമുക്തരാക്കുന്ന തരത്തിലുള്ളതാണെന്നായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം.ദര്‍ശനുമായി അടുപ്പമുണ്ടായിരുന്ന നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരില്‍ ചിത്രദുര്‍ഗ സ്വദേശിയായ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിലാണ് ദര്‍ശന്‍ അറസ്റ്റിലായത്. തുടര്‍ന്ന് 2024 ഒക്ടോബര്‍ 30ന് കര്‍ണാടക ഹൈക്കോടതി ദര്‍ശന് ജാമ്യം അനുവദിക്കുകയായിരുന്നു.

കാലിന് ശസ്ത്രക്രിയ നടത്താനായിരുന്നു ജാമ്യം.ദര്‍ശന് ജയിലില്‍ പ്രത്യേക പരിഗണന നല്‍കരുതെന്നും അങ്ങനെയുണ്ടായെന്ന് തെളിഞ്ഞാല്‍ ജയില്‍ സൂപ്രണ്ടുള്‍പ്പെടെ ജയിലിലെ എല്ലാ ജീവനക്കാര്‍ക്കും സസ്‌പെന്‍ഷന്‍ നല്‍കാന്‍ ഉത്തരവിടുമെന്നും ജസ്റ്റിസ് പര്‍ദിവാല മുന്നറിയിപ്പു നല്‍കി. ദര്‍ശന് ബെംഗളൂരു ജയിലില്‍ വിഐപി പരിഗണന നല്‍കുന്നത് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഗുണ്ടകള്‍ക്കൊപ്പം പുറത്തെ കസേരയിലിരുന്ന് കയ്യില്‍ സിഗരറ്റുമായി കാപ്പി കുടിച്ച്‌ വിശ്രമിക്കുന്ന ദര്‍ശന്റെ ചിത്രങ്ങളാണ് പുറത്തായത്. ഇത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്.

You may also like

error: Content is protected !!
Join Our WhatsApp Group