ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ക്കെതിരെ സുപ്രീംകോടതി. തെറ്റിദ്ധരിപ്പിക്കുന്നതോ, തെറ്റായ അവകാശവാദങ്ങളോ നല്‍കുന്ന പരസ്യങ്ങള്‍ പാടില്ലെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
ഇത്തരം പരസ്യങ്ങള്‍ നല്‍കിയാല്‍ കനത്ത പിഴ ചുമത്തുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ഐ.എം.എ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന ഓരോ പരസ്യങ്ങള്‍ക്കും ഒരുകോടി രൂപ വീതം പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.
നേരത്തേയും ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്കെതിരെ കേസുകളുണ്ടായിരുന്നു. ആയുര്‍വേദത്തെ കൂടുതല്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി, ആധുനിക വൈദ്യശാസ്‍ത്രത്തെ ഇകഴ്ത്തിക്കാട്ടുകയാണ് പതഞ്ജലി പരസ്യങ്ങളിലൂടെ എന്നാണ് ഐ.എം.എ ആരോപിച്ചത്.
കോവിഡ് കാലത്ത് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ അലോപ്പതി ഡോക്ടര്‍മാര്‍ക്ക് പാളിച്ച പറ്റിയെന്നും പതഞ്ജലി പ്രചരിപ്പിച്ചിരുന്നു. ഇത് അംഗീകരിക്കാനാവില്ലെന്നാണ് ജസ്റ്റിസ് അമാനുല്ല അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടിയത്.